പ്രഖ്യാപനം വാക്കില്‍ മാത്രം; പ്രാഥമികാരോഗ്യകേന്ദ്രത്തോട് അവഗണന

തിരൂരങ്ങാടി പെരുവള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ പ്രഖ്യാപനം വാക്കില്‍ മാത്രം ഒതുങ്ങി. കെട്ടിടങ്ങള്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ആവശ്യത്തിന് ജീവനക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല .

രണ്ടു വര്‍ഷം മുമ്പാണ് പെരുവള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി പ്രഖ്യാപനം വന്നത്.. ദിനം പ്രതി അഞ്ഞൂറു രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. ഇവര്‍ക്കായി ഉള്ളത് രണ്ടു ഡോക്ടര്‍മാര്‍ മാത്രമാണ്.കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ മറ്റ് ജീവനക്കാരില്ല.  ഇത് ഇവിടെയത്തുന്ന രോഗികളെ ഏറെ വലക്കുന്നുണ്ട്.

ജീവനക്കാരെ നിയമിക്കാന്‍ ധനകാര്യവകുപ്പ് ആര്‍ദ്രം മിഷന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായില്ല.കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിട്ടും മുഴുവന്‍ സമയ ചികില്‍സ ലഭ്യമാക്കാത്തതിനാല്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.ജീവനക്കാരെ നിയമിക്കാനാവശ്യമായ നടപടി ഇല്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.