ഉല്‍പാദനക്കുറവ് വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

കാപ്പിക്ക് വിപണിയില്‍ മെച്ചപ്പെട്ട വിലയുണ്ടായിട്ടും ഉല്‍പാദനക്കുറവ് വയനാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരുപത്തഞ്ച് ശതമാനമെങ്കിലും കുറവുണ്ടായതായാണ് പ്രാഥമികവിലയിരുത്തല്‍. 

ഉണ്ടക്കാപ്പിക്ക് ചാക്കിന് നിലവില്‍ നാലായിരം രൂപയാണ് വിപണിവില. കഴിഞ്ഞ വര്‍ഷം മൂവായിരത്തി അഞ്ഞൂറ് രൂപയായിരുന്നു.

എന്നാല്‍ കര്‍ഷകര്‍ പ്രതീക്ഷിച്ച അത്ര ഉല്‍പാദനമില്ല. കനത്ത മഴയും കാലാവസ്ഥയില്‍ വന്ന മാറ്റവുമാണ് തിരിച്ചടിയായത്.

ജില്ലയില്‍ അമ്പത്തിനാല് ഹെക്ടറിലെ കാപ്പിക്കൃഷി പ്രളയാനന്തരം നശിച്ചിരുന്നു. കര്‍ഷകരെ സഹായിക്കുന്ന നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയുമുണ്ട്.

അമിതമായി വെള്ളം കയറിയ കാപ്പിത്തോട്ടങ്ങള്‍ പിന്നീട് കരിഞ്ഞുണങ്ങി. കഴിഞ്ഞ വര്‍ഷം മഴക്കുറവായിരുന്നു ഉല്‍പാദനത്തെ ബാധിച്ചത്.

അതിന്റെ നഷ്ടം ഇക്കുറി നികത്താമെന്നായിരുന്നു കര്‍ഷകരുടെയും കോഫിബോര്‍ഡിന്റെയും പ്രതീക്ഷ.