താരമശേരി താലൂക്ക് ആശുപത്രിയില്‍ ഓര്‍ത്തോവിഭാഗം അനുവദിക്കണമെന്നാവശ്യം

കോഴിക്കോട് താരമശേരി  താലൂക്ക് ആശുപത്രിയില്‍ ഓര്‍ത്തോവിഭാഗം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ദേശീയപാതയില്‍ കോഴിക്കോടിനും വയനാടിനുമിടയില്‍ കിടത്തിചികില്‍സയുള്ള ഏക ആശുപത്രിയാണ്  താമരശേരി താലൂക്ക് ആശുപത്രി. ഡോക്ടര്‍മാരില്ലാത്തിനാല്‍  വാഹനാപകടങ്ങളില്‍ പരുക്കേുന്നവര്‍ക്ക്  അടിയന്തിര ചികില്‍സയ്ക്കായി കിലോമീറ്ററുകള്‍ താണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

താമരശേരി ചുരത്തിനും കോഴിക്കോട് മെഡിക്കല്‍ കോളേജിനും ഇടയില്‍ ദേശീയപാതയില്‍   കിടത്തി ചികില്‍സയുള്ള ഏക ആശുപത്രിയാണ് താമരശേരി താലൂക്ക് ആശുപത്രി. വാഹനാപകടങ്ങളില്‍  പരുക്കേല്‍ക്കുന്നവരെ ചികില്‍സിക്കാന്‍ അത്യാവശ്യം വേണ്ട ഓര്‍ത്തോ വിഭാഗത്തില്‍ ഇവിടെ ഡോക്ടര്‍മാരില്ല.ആയതിനാല്‍ അടിയന്തിര ചികില്‍സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ െചയ്യുന്നതാണ് പതിവ്. മാസത്തില്‍ നൂറ്റി അഞ്ച് പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയില്‍ ആകെയുള്ളത് മൂന്ന് സ്ഥിരം ഗൈനക്കോളജിസ്റ്റുകള്‍. ഡോക്ടര്‍മാരില്ലാത്തിനാല്‍ ഐ.സി.യു സംവിധാനവുമില്ല. ഓഫീസ് സ്റ്റാഫായി ആകെയുള്ളതാവട്ടെ മൂന്നുപേരും.

ജീവനക്കാരുടെ കുറവില്‍ വീര്‍പ്പുമുട്ടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നിലാണ് ആശുപത്രി. മലിനജലശുദ്ധീകരണ പ്ലാന്റ്, 10 മെഷീനുകളുള്ള  ഡയാലിസിസ് േകന്ദ്രം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറി അടക്കമുള്ള സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ട്. ഡോക്ടര്‍മാരെ നിയമിക്കാന്‍  അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.