പാലക്കാടിൻറെ ദാഹമകലും; ശുദ്ധജല പദ്ധതി യാഥാർത്ഥ്യമാകും

മഴക്കാലത്തുപോലും ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം ചെയ്യുന്ന പാലക്കാടിന്റെ കിഴക്കന്‍മേഖലയില്‍ ശുദ്ധജലവിതരണപദ്ധതി യാഥാര്‍ഥ്യമായി. പറമ്പിക്കുളം ആളിയാറില്‍ അണക്കെട്ടുകളിലെ വെളളമാണ് മൂന്നു പഞ്ചായത്തുകളിലെ കുടിവെളള വിതരണത്തിന് ഉപയോഗിക്കുക. പദ്ധതിയുടെ ഉദ്ഘാടനം നാളെ ജലവിഭവമന്ത്രി നിര്‍വഹിക്കും.

കൊഴിഞ്ഞാമ്പാറ മൂകില്‍മടയിലാണ് കുടിവെളള വിതരണത്തിനായി ജലശുദ്ധീകരണശാല യാഥാര്‍ഥ്യമായത്. കൊഴിഞ്ഞാമ്പാറ ഫര്‍ക്ക എന്നറിയപ്പെടുന്ന എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ എന്നീ മൂന്നു ഗ്രാമപഞ്ചായത്തുകളിലെ അറുപത്തിനാലായിരം പേര്‍ക്ക് പൈപ്പുകള്‍ വഴി കുടിവെളളം ലഭിക്കും.

പറമ്പിക്കുളം ആളിയാര്‍ അണക്കെട്ടുകളിലെ വെളളം കുന്നങ്കാട്ടുപതിയിലെത്തിച്ചാണ് ജലപദ്ധതിക്ക് വിനിയോഗിക്കുക. ജലശുദ്ധീകരണത്തിന് ലണ്ടനില്‍ നിന്ന് ഇറക്കുമതി ചെയ്ത കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ ഇത്തരത്തിലുളള മൂന്നാമത്തെ ജലശുദ്ധീകരണപദ്ധതിയാണിത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിലേറെയായി മഴക്കാലത്തുപോലും ടാങ്കര്‍ ലോറികളില്‍ വെളളം കൊടുത്തിരുന്ന പ്രദേശങ്ങളില്‍ വരുന്ന 25 വര്‍ഷത്തേക്ക് ഇനി ജലക്ഷാമം ഉണ്ടാകില്ലെന്നാണ് ജലഅതോറിറ്റിയുടെ വിശദീകരണം.

    

ചിറ്റൂര്‍ എംഎല്‍എയും ജലസേചനമന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടി പദ്ധതി നാളെ നാടിന് സമര്‍പ്പിക്കും. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപമുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.