കോഴിക്കോട് സംഗീതമഴ പെയ്യിച്ച് നാവികസേനയുടെ മ്യൂസിക് ബാൻഡ്

കോഴിക്കോട് നഗരത്തില്‍ സംഗീതമഴ പെയ്യിച്ച്  നാവികസേനയുടെ മ്യൂസിക് ബാന്‍ഡ്. ഏഴിമല നാവിക അക്കാദമിയും ജില്ലാഭരണകൂടവും സംയുക്തമായാണ് രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന സംഗീതവിസ്മയം ഒരുക്കിയത്.

 സെന്‍റ് ജോസഫ്സ് ആഗ്ലോ ഇന്‍ഡ്യന്‍ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനികളുടെ പ്രകടനത്തോടെയായിരുന്നു തുടക്കം. പിന്നെ മാനാഞ്ചിറയുടെ സന്ധ്യയെ താളലയത്തില്‍ അലിയിക്കാന്‍ നാവികസേനയെത്തി. ഇരുപത്തിയഞ്ച് സംഗീതപ്രതിഭകള്‍. ഇറ്റാലിയന്‍ സംഗീതതാളത്തിലൊരുങ്ങിയ മാര്‍ച്ചിംഗ് ടൂണ്‍ സദസ് കയ്യടിച്ച് സ്വീകരിച്ചു. 

പാശ്ചാത്യ സംഗീതലോകത്തെ പ്രശസ്ത സംഗീത‍‍ജ്ഞനായ മാക് ഡേവിസിന്റെ ഈണം വേദിയില്‍ നിറഞ്ഞു. ഫ്ലൂറ്റ്, പിയാനോ, സാക്സോഫോണ്‍, ട്രംബറ്റ് തുടങ്ങി നിരവധി ഉപകരണങ്ങളില്‍ നാവികര്‍ വിസ്മയം തീര്‍ക്കുകയായിരുന്നു. താളത്തിന് കൊഴുപ്പേകാന്‍ സംഗീതോപകരണങ്ങള്‍ തമ്മില്‍ മല്‍സരിച്ചു. ഗീര്‍വാണി രാഗത്തില്‍ ഇളയരാജ സംഗീതം നല്‍കിയ രാജ രാജ സോഴന്‍ നാന്‍ സാക്സോഫോണിലൂടെ കേട്ട് സദസും താളമിട്ടു.