ഡയാലിസിന് ഇതരജില്ലകളിൽ പോകണം; കടക്കെണിയിൽ വൃക്കരോഗികൾ

ഇതരജില്ലകളില്‍ ഡയാലിസിനായി പോകുന്ന വൃക്കരോഗികളില്‍ പലരും കടക്കെടണിയിലാണ്.ആഴ്ചയില്‍ മൂന്നു വട്ടം കോഴിക്കോട് പോകുന്ന ഒരു രോഗിക്ക് മാസം ശരാശരി പതിനെട്ടായിരം രൂപ ചിലവുവരും. പലരും വാടക വീടെടുത്ത് കോഴിക്കോട്ട് തന്നെ താമസിക്കുകയാണ്.

കല്‍പറ്റയിലെ ഒരു വര്‍ക് ഷോപ്പില്‍ പെയിന്റിങ് ജോലിയാണ് മേപ്പാടി സ്വദേശി വിനു ജോര്‍ജിന്. വൃക്കരോഗിയായ പിതാവിന്റെ ചികില്‍സയ്ക്കാണ് ദിവസക്കൂലിയുടെ ഭൂരിഭാഗവും പോകുന്നത്. ആഴ്ചയില്‍ മൂന്നു തവണ കോഴിക്കോട് പോകണം.  ഇപ്പോള്‍ വിനുവിന്റെ അച്ഛനും അമ്മയും കോഴിക്കോട്ടെ വാടക വീട്ടിലാണ് താമസം. 

വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് രോഗികള്‍ ബസില്‍ പോകുന്നത് പ്രയോഗികമല്ല. വാടകയ്ക്ക് വാഹനം  വിളിച്ച് കോഴിക്കോടെത്താന്‍ ഏറ്റവും കുറഞ്ഞത് 2000 രൂപയെങ്കിലുമാകും. 1500 രൂപയാണ് സ്വകാര്യമേഖലയില്‍ ഡയാലിസിസ് വേണ്ടിവരുന്ന ചിലവ്. രോഗിക്കും സഹായിക്കും ഭക്ഷണടക്കമുള്ള ചെലവുകള്‍ 500 രൂപ. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് വേണ്ട രോഗികളുണ്ട്. ഇങ്ങനെ മാസത്തില്‍ 12 തവണ പോയി വരുമ്പോഴേക്കും ചിലവ് താങ്ങാവുന്നതിലും അപ്പുറമാകും. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രോഗികളുടെ കുടുംബത്തെ നിലവിലെ അവസ്ഥ തള്ളിവടുന്നത്.