ഒറ്റപ്പാലത്ത് കരിങ്കൽ ക്വാറിയുടെ പ്രവർത്തനത്തിനെതിരെ പ്രതിഷേധം

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട്ട് കരിങ്കൽ ക്വാറിയുടെ പ്രവർത്തനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. അമ്പലപ്പാറ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പാറമടയുടെ പ്രവർത്തനമെന്നാണ് ആക്ഷേപം.

അമ്പലപ്പാറ പഞ്ചായത്തിലെ പതിമൂന്നാം വാര്‍‍ഡില്‍ ചുനങ്ങാട്ടാണ് പാറമട പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചൊവ്വാഴ്ച പഞ്ചായത്ത് സെക്രട്ടറി പാറമടയ്ക്ക് സ്റ്റോപ് മെമ്മോ നൽകി. ഇത് അവഗണിച്ച് വീണ്ടും ലോഡ് കയറ്റിയതിനെ തുടര്‌ന്നായിരുന്നു പ്രതിഷേധം. ‌സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പാറമടയ്ക്ക് സമീപമെത്തി വാഹനങ്ങള്‍ പോകുന്നത് തടഞ്ഞു.  

നിരന്തരം പാറ പൊട്ടിക്കുന്നത് വീടുകൾക്കു ഭീഷണിയാണെന്നും പ്രദേശത്തെ കിണറുകളിൽ ജലലഭ്യത കുറഞ്ഞെന്നുമാണു നാട്ടുകാരുടെ പരാതി. രൂക്ഷമായ പൊടിശല്യം രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് പാറമട. ഇതിന് എങ്ങനെ അനുമതി ലഭിച്ചെന്ന് സമഗ്രമായ അന്വേഷണം ആവശ്യമാണ്. വിഷയം ചൂണ്ടിക്കാട്ടി നാട്ടുകാർ ഒറ്റപ്പാലം സബ്കലക്ടര്‍ക്ക് പരാതി നല്‍കി. മൂവാറ്റുപുഴ സ്വദേശികളാണ് പാറമടയുടെ നടത്തിപ്പുകാര്‍.