ഹോട്ടല്‍ മാലിന്യമൊഴുക്ക്; വടകര നഗരസഭയിൽ നാളെ ഹർത്താല്‍

കോഴിക്കോട് വടകര നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താലിന് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനം.  മാലിന്യമൊഴുക്ക് ആരോപിച്ച് ഹോട്ടലുകള്‍ക്കെതിരെ നഗരസഭ നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വടകരയിലെ ഹോട്ടലുകള്‍ അടച്ചിട്ടത് ജില്ലാ സ്കൂള്‍ കലോല്‍സവത്തിനെത്തിയ കുട്ടികളെയും രക്ഷിതാക്കളെയും  വലച്ചു. 

ആറ് ഹോട്ടലുകള്‍ക്കാണ് താഴ് വീണത്. പിന്നാലെ മറ്റുള്ളവരും തുറക്കുന്നില്ലെന്ന് ഉറപ്പിച്ചു. അഞ്ഞൂറിലധികം കുട്ടികളും രക്ഷിതാക്കളുമാണ് ഇതോടെ വലഞ്ഞത്. കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ പലരും കുടുംബസമേതം പുലര്‍ച്ചെയെത്തി. മല്‍സരശേഷം നഗരത്തിലേക്കിറങ്ങിയ പലര്‍ക്കും ലഘുഭക്ഷണം പോലും കിട്ടാത്ത സാഹചര്യമുണ്ടായി. മല്‍സരങ്ങള്‍ പലതും തുടങ്ങാന്‍ വൈകിയത് കുട്ടികളില്‍ ചിലരുടെ ഉച്ചഭക്ഷണവും മുടക്കി. സകല ഹോട്ടലുകളും അടച്ചിരുന്നതിനാല്‍ രക്ഷിതാക്കളും നിസഹായരായിരുന്നു.  

കരിമ്പനത്തോട്ടിലേക്ക് മാലിന്യമൊഴുക്കിയിരുന്ന ഹോട്ടലുകളാണ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൂട്ടിയത്. അനാവശ്യ ഇടപെടലെന്ന് ആരോപിച്ച് ഹോട്ടലുടമകളുടെ സംഘടന കടയടപ്പ് സമരവും പ്രഖ്യാപിച്ചു. മതിയായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉറപ്പാക്കാതെ ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് നഗരസഭ സെക്രട്ടറിയുടെ നിലപാട്.