വയനാട്ടിൽ പ്രളയാനന്തര പുനരധിവാസം തുടങ്ങി

വയനാട്ടില്‍ പ്രളയത്തെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്ന പുറമ്പോക്കില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിന് ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോര്‍ക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള 154 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പ്രളയബാധിതരെ കണ്ടെത്താന്‍ തയ്യാറാക്കിയ പുനര്‍നിര്‍മ്മാണ അപേക്ഷയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഒരു കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി വീതമാണ് നീക്കിവെക്കുന്നത്. 

പനമരം, പുല്‍പ്പള്ളി മാനന്തവാടി നഗരസഭ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍പ്പേര്‍. തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, മുളളന്‍ക്കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ഭൂമി ലഭ്യമാക്കനുള്ള നടപടികള്‍ തുടങ്ങി.

സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നവംബര്‍ 22 നകം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. 

പ്രാദേശികമായി ഭൂമി കണ്ടെത്തിയ സ്ഥലങ്ങളില്‍ വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍ ഒന്നിനകം തുടങ്ങാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു. നാലു ലക്ഷം രൂപയാണ് ഓരോ വീടു നിര്‍മ്മാണത്തിനും സര്‍ക്കാര്‍ അനുവദിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രക്കാണ് നിര്‍മ്മാണ ചുമതല. 2019 ഫെബ്രുവരിയോടെ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.