ക്വാറി വീണ്ടും തുറക്കാൻ ഒത്തുകളി; പ്രക്ഷോഭം

വയനാട് മുട്ടില്‍ മാണ്ടാട് ജനകീയപ്രക്ഷോഭങ്ങള്‍ കാരണം നിര്‍ത്തലാക്കിയ ക്വാറി വീണ്ടും തുറക്കാന്‍ ശ്രമമെന്ന് ആക്ഷന്‍ കമ്മിറ്റി. ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നെന്നാണ് സമരക്കാരുടെ ആക്ഷേപം. 

പരിസ്ഥിതി പ്രാധാന്യമുള്ള മുട്ടില്‍ മലയുടെ ഭാഗമാണ് മാണ്ടാട്. ഇവിടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറി നാട്ടുകാരുടെ പരാതികള്‍ കണക്കിലെടുത്ത് മുന്‍ ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ത്തലാക്കിയിരുന്നു.

ക്വാറി പ്രവര്‍ത്തിച്ചാല്‍ പരിസ്ഥിതിക്കും ജീവനും ഭീഷണിയാകുമെന്ന് ഡി.എഫ്.ഒ യും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ മറ്റൊരു കമ്പനി സ്ഥലം പാട്ടത്തിനെടുത്ത് പരിസ്ഥിതി അനുമതിക്കായി ശ്രമം നടത്തുകയാണെണ് ആക്ഷന്‍കമ്മിറ്റി പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ചേര്‍ത്താണ് ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

പരാതി വായിച്ചുനോക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് സമരക്കാന്‍ പറയുന്നു. ഈ വര്‍ഷം പെയ്ത കനത്തമഴയില്‍ ക്വറിയോട് ചേര്‍ന്ന് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. ക്വാറി തുറന്നാല്‍ സമരം ശക്തമാക്കാനാണ് ആക്ഷന്‍കമ്മറ്റി തീരുമാനം.