കല്ലായിപ്പുഴയിൽ കയ്യേറ്റമൊഴിപ്പിക്കുന്നതിന് മുമ്പുള്ള ജണ്ടകെട്ടൽ പൂർത്തിയായി

കോഴിക്കോട് കല്ലായിപ്പുഴയിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജണ്ടകെട്ടല്‍ പൂര്‍ത്തിയായി. ഒരുമാസംകൊണ്ട് നാലു വില്ലേജുകളിലായി എണ്‍പത്തിയഞ്ച് ജണ്ടകളാണ് സ്ഥാപിച്ചത്. ജില്ലാഭരണകൂടവും റവന്യുവകുപ്പുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

കയ്യേറ്റമൊഴിപ്പിക്കാന്‍ ജില്ലാഭരണകൂടം നടത്തിയ ശ്രമങ്ങളെ വ്യാജരേഖകളുപോയിച്ചാണ് മരവ്യാപാരികള്‍ ചെറുത്തത്. എന്നാല്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവുമായാണ് വ്യാപാരികളുടെ എതിര്‍പ്പിനെ ജില്ലാഭരണകൂടം നേരിട്ടത്.   സ്വകാര്യവ്യക്തികള്‍ കയ്യേറിയ ഇരുപത്തൊന്നേക്കര്‍ ഭൂമി അളന്നുതിരിച്ച് നടപടികള്‍ തുടങ്ങി. ഒരുമാസംകൊണ്ട് കയ്യേറ്റം കണ്ടെത്തിയ ഇടങ്ങളിലെല്ലാം ജണ്ടകെട്ടി തിരിച്ചു. ഇതോടെ സര്‍ക്കാര്‍ ഭൂമി ഇനി ഇഷ്ടാനുസരണം കൈവശം വെയ്ക്കാന്‍ കയ്യേറ്റക്കാര്‍ക്കാവില്ല. ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നത്  ഹൈക്കോടതി  നിര്‍ദേശത്തെത്തുടര്‍ന്നായിരിക്കും.

വര്‍ഷങ്ങള്‍ക്കുമുന്‍പ് പാട്ടത്തിന് കൊടുത്ത ഭൂമി പലപ്പോഴായി കയ്യേറിയെന്നായിരുന്നു കണ്ടെത്തല്‍. പാട്ടക്കാലാവധി കഴിഞ്ഞിട്ടും തുടരുന്നവരും പുഴ നികത്തി കെട്ടിടം പണിതവരും ഇക്കൂട്ടത്തിലുണ്ട്. പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍  കയ്യേറ്റത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളും  നടന്നു.