മലയാള സർവകലാശാലക്കായി ഭൂമി; മാങ്ങാട്ടിരിയിലെ 11 ഏക്കർ ഭൂമി ഏറ്റെടുക്കും

thirool-land
SHARE

തിരൂർ മലയാള സർവകലാശാലക്ക് സ്ഥിരം കെട്ടിടത്തിനായി ഭൂമി ഏറ്റെടുക്കാൻ നടപടിയായി. വെട്ടം വില്ലേജിലെ 11 .15 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ്  മനോരമ ന്യൂസിന് ലഭിച്ചു. ഈ മാസം 2 ന് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് മലയാള സർവകലാശാലക്കായുള്ള ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായത്. ഇതു പ്രകാരം ഭൂമിയുടെ വില നിശ്ചയിച്ചിറങ്ങിയ ഉത്തരവിന്റെ പകർപ്പാണിത്.വെട്ടം പഞ്ചായത്തിലെ മാങ്ങാട്ടിരിയിലെ 11.15 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. നേരത്തെ ഈ ഭൂമി ഏറ്റെടുക്കാൻ തീരുമാനിക്കുകയും തണ്ണീർതടമായതിനാൽ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കുകയുമായിരുന്നു.

എന്നാൽ ഈ ഭൂമിയിലെ  കണ്ടൽകാടുകൾ ഒഴിവാക്കിയുള്ള സ്ഥലമാണ് ഏറ്റെടുക്കുക. ഭൂമി മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് വില നിശ്ചയിച്ചത്. രണ്ടര സെന്റിന് 3,95,376 രൂപ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. സർവകലാശാല ക്കായി നേരത്തെ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നപ്പോൾ സ്ഥലപരിശോധനക്കായി റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ എട്ടു മാസം മുമ്പ് ഒരു സമിതി രൂപീകരിക്കുകയും നിലവിൽ ഏറ്റെടുക്കാൻ തീരുമാനിച്ച മാങ്ങാട്ടിരിയിലെ ഭൂമി ഉൾപ്പടെ മൂന്ന് സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടി. കണ്ടൽകാടുള്ള സ്ഥലം കൂടിയ വിലക്ക് വാങ്ങാനുള്ള നീക്കവും നേരത്തെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

MORE IN NORTH
SHOW MORE