അനുമതി റദ്ദാക്കൽ നടപ്പായില്ല; ബാറിനെതിരെ വീണ്ടും സമരം

മലപ്പുറം വണ്ടൂരില്‍ പുതുതായി തുടങ്ങിയ ബാര്‍ഹോട്ടലിന്റെ അനുമതി റദ്ദാക്കുമെന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനം നടപ്പായില്ല.  ബാറിനെതിരെയുളള സമരം പുനരാരംഭിക്കാന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. 

കേരളമെങ്ങും പ്രളയത്തില്‍ മുങ്ങി നില്‍ക്കുബോഴാണ് ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദിവസങ്ങള്‍ക്കുളളില്‍ നാട്ടുകാര്‍ സമരവും തുടങ്ങി. ബാര്‍ഹോട്ടലിന് നല്‍കിയ അനുമതി പിന്‍വലിക്കാമെന്ന വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഉറപ്പില്‍ അനിശ്ചിതകാലസമരം അവസാനിപ്പിച്ചു. എന്നാല്‍ ഗ്രാമപഞ്ചായത്ത് പറഞ്ഞ വാക്ക‌് നടപ്പായില്ല. സമരസമിതി വീണ്ടും പ്രതിഷേധമാരംഭിച്ചു.

ബാറിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഒക്ടോബര്‍ എട്ടിന് നിര്‍ദേശം നല്‍കിയെന്ന് ഭരണസമിതി പറയുന്നു. പഞ്ചായത്ത് തീരുമാനം വൈകുകയാണങ്കില്‍ അമ്മമാരേയും കുട്ടികളേയും പങ്കെടുപ്പിച്ച് സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.