അധികസാമ്പത്തികച്ചെലവ്; ഹൈടെക് ടോയ്‌ലറ്റ് പദ്ധതിയിൽ നിന്നും നഗരസഭ പിന്‍മാറി

ഇ ടോയ്‌ലറ്റിനു പകരം ഹൈടെക് ടോയ്‌ലറ്റ് എന്ന പുതിയ ആശയമായിരുന്നു കോഴിക്കോട് നഗരത്തിനായി നഗരസഭ വിഭാവനം ചെയ്തത്.  എന്നാല്‍ അധികസാമ്പത്തികച്ചെലവിന്റെ പേരില്‍ പദ്ധതിയില്‍നിന്ന് പിന്നീട് പിന്‍മാറി.  നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ അത്യാധുനിക രീതിയിലുള്ള ശുചിമുറികള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. സംസ്ഥാന ശുചിത്വമിഷന്‍ ശുചിമുറി നിര്‍മാണത്തിനായി നല്‍കിയ ഒരുകോടിരൂപയാണ് ഇതിനായി നഗരസഭ നീക്കിവച്ചത്. ഇ ടോയ്‌ലറ്റ് പദ്ധതിയുടെ കരാര്‍ അവസാനിക്കുമ്പോള്‍ പുതിയ ഹൈടെക് ടോയ്‌ലറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നഗരസഭ തീരുമാനിച്ചു. എന്നാല്‍ പദ്ധതിക്ക് പണം തികയാതെവന്നത് പ്രതിസന്ധിയായി.

ഒരു ഹൈടെക് ടോയ്‌‍ലറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശുചിത്വമിഷന്റെ പദ്ധതിയില്‍ 93 ശുചിമുറികളാണ് നിര്‍മിക്കേണ്ടത്. ഒരെണ്ണത്തിന്റെ നിര്‍മാണത്തിനായി ഇത്രയധികം തുക മുടക്കിയാല്‍ ശുചിമുറികളുടെ എണ്ണം കുറയും. ഇത് തിരിച്ചടിയായതോടെ ഹൈടെക് ടോയ്‌ലറ്റ് സ്വപ്നം നഗരസഭ ഉപേക്ഷിച്ചു.

ഹൈടെക് പദ്ധതി ഉപേക്ഷിച്ചശേഷമാണ് അറുപതിനായിരം രൂപ ചെലവില്‍ ആധുനിക രീതിയില്‍ ഇ ടോയ്‌ലറ്റ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് നഗരസഭ ഉറപ്പുനല്‍കിയത്.  ആറുമാസം പിന്നിട്ടു. പക്ഷേ എല്ലാ പദ്ധതിയും ഇപ്പോഴും കടലാസില്‍ തന്നെ.