ഉരല്‍കുഴിയില്‍ സംരക്ഷണവേലി കെട്ടി, സഫലമായത് ഏറെക്കാലത്തെ ആവശ്യം

വര്‍ഷങ്ങളുടെ ആവശ്യത്തിനൊടുവില്‍ കോഴിക്കോട് കക്കയം ഉരല്‍കുഴിയില്‍ സംരക്ഷണവേലി കെട്ടി. അപകടസാധ്യത കണക്കിലെടുത്ത് വനംവകുപ്പാണ് ഇരുപത് മീറ്ററിലധികം ദൂരത്തില്‍ ഇരുമ്പ് പൈപ്പ് സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോഴും കക്കയത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കുന്നതില്‍ ഏകോപനക്കുറവുണ്ട്. 

വഴുക്കുള്ള പാറക്കല്ലില്‍ ചെറുതായൊന്ന് തെന്നിയാല്‍ ഗര്‍ത്തത്തിലേക്കായിരിക്കും പതിക്കുക. കാഴ്ച സുന്ദരമാണെങ്കിലും അപകടം നിറഞ്ഞ ഉരല്‍ക്കുഴി വെള്ളച്ചാട്ടം. വനംവകുപ്പിന്റെ ഗൈഡുകളാണ് പലരെയും അത്യാഹിതത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. സംരക്ഷണവേലി സ്ഥാപിച്ച് സുരക്ഷയൊരുക്കുകയെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. പണമില്ലെന്ന കാരണം പറഞ്ഞ് മുടങ്ങിയിരുന്ന പണികളാണ് ഏറെ നാളുകള്‍ക്ക് ശേഷം പൂര്‍ത്തിയാക്കിയത്. സഞ്ചാരികളുടെ മനസുടക്കാന്‍ പോന്ന പലതുമുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും ആസൂത്രണക്കുറവുണ്ട്. കക്കയത്തേക്കെത്താന്‍ ഓരോ സഞ്ചാരിയും വനംവകുപ്പിന് നാല്‍പതും കെ.എസ്.ഇ.ബിയ്ക്ക് ഇരുപതും രൂപ നല്‍കണം. 

ഈ ഏകോപനക്കുറവ് സൗകര്യങ്ങളൊരുക്കുന്നതിലുമുണ്ട്. ബോട്ടിങില്‍ ഏറ്റവും മനോഹരമായിത്തോന്നുന്ന അമ്പലപ്പാറ വെള്ളച്ചാട്ടം ഇപ്പോഴും ആദിവാസികള്‍ക്കൊഴികെ പ്രവേശനമില്ലാത്ത ഇടമാണ്. ഈ മേഖലയില്‍ ഇക്കോ ടൂറിസം സാധ്യതയും പ്രയോജനപ്പെടുത്താം. കൂടുതല്‍ ബോട്ടുകളും നീറ്റിലിറക്കണം. 

മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാത്തത് ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരം വേണം. താമസസൗകര്യമുള്‍പ്പെടെ കൂടുതല്‍ സംവിധാനം വേണം. പ്രദേശത്തേക്ക് രണ്ടുവരിപ്പാത നിര്‍ബന്ധം 

കക്കയത്തേക്കെത്താന്‍ നല്ലപാത. നാടന്‍ ഭക്ഷണശാല. ശുചിമുറികള്‍. വിശ്രമിക്കാനുള്ള സൗകര്യം. ഇതെല്ലാം സഞ്ചാരികളുടെ തിരക്ക് കൂട്ടുന്ന ഘടകങ്ങളാണ്. രാത്രിയില്‍ താമസിക്കുന്നതിനുള്ള സൗകര്യം കൂടിയായാല്‍ വരുമാന വര്‍ധനയുണ്ടാകും. ഒരുതവണ വന്ന് മടങ്ങുന്നവര്‍ക്ക് വീണ്ടും കക്കയത്തേക്കെത്താനുള്ള വകയുണ്ടാകണമെന്ന് ചുരുക്കം.