ബി.എഡ് സെന്റര്‍; സര്‍ക്കാര്‍ സ്കൂളും സര്‍വകലാശാലയും തമ്മില്‍ തര്‍ക്കം

ബി.എഡ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്കൂളും സര്‍വകലാശാലയും തമ്മില്‍ തര്‍ക്കം. കോഴിക്കോട് കല്ലായി ഗണപത് ഹയര്‍സെക്കണ്ടറി സ്കൂളാണ് സര്‍വകലാശാലയ്ക്കെതിരെ വിദ്യഭ്യാസവകുപ്പിനും കലക്ടര്‍ക്കും പരാതി നല്‍കിയത്. കലാവധി കഴിഞ്ഞ കരാറിന്റെ മറവില്‍  ഭൂമി കയ്യേറാനാണ് സര്‍വകലാശാല  ശ്രമമെന്നാണ് സ്കൂളിന്റെ പരാതി

കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.എഡ് സെന്റര്‍ മാറ്റിസ്ഥാപിക്കുന്നതിനായി 2015ലാണ് കാലിക്കറ്റ് സര്‍വകലാശാലയും കല്ലായി ഗണപത് ഹയര്‍സെക്കണ്ടറി സ്കൂളും തമ്മില്‍ കരാറുണ്ടാക്കിയത്.  ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം തുടങ്ങാമെന്ന വ്യവസ്ഥയില്‍ സ്കൂളിന്റെ 88 സെന്റ് സ്ഥലം  സര്‍വകലാശലയ്ക്ക് പാട്ടത്തിന് നല്‍കി. 

സമയത്തിനുള്ളില്‍ നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ പാട്ടം റദ്ദാകുമെന്നും കരാറിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിടം പണിക്കെത്തിയവരെ കരാര്‍ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടികാണിച്ചു സ്കൂള്‍ അധികൃതര്‍ തടഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് തല്‍സ്ഥിതി തുടരാനുള്ള കലക്ടറുടെ ഉത്തരവ് പാലിക്കാന്‍ സര്‍വകലാശാല തയാറായില്ലെന്നാണ് പരാതി.

സര്‍ക്കാരിന്റെ ഉത്തരവില്ലാതെ ഭൂമി വിട്ടുനല്‍കാനാവില്ലെന്നാണ് സ്കൂളിന്റെ  നിലപാട്. അതേ സമയം കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് കോര്‍പ്പറേഷന്‍ അനുമതി കിട്ടാന്‍ സമയമെടുത്താണ് പ്രശ്നമായതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.