താമരശേരി ചുരത്തില്‍ നിരോധനം ഭാഗികമായി നീക്കി; കണ്ടെയ്നറുകള്‍ക്കുള്ള നിരോധനം തുടരും

താമരശേരി ചുരത്തില്‍ വലിയ ചരക്കുവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി നീക്കി. വലിയ ലോറികള്‍ക്ക് രാത്രി ഗതാഗതം അനുവദിക്കുമെങ്കിലും വലിയ കണ്ടെയ്നറുകള്‍ക്കുള്ള നിരോധനം തുടരും. ചരക്കുലോറി ഉടമകളുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 12 ചക്രങ്ങളുള്ള ലോറികള്‍ക്കാണ് നിരോധനത്തില്‍ ഇളവ് നല്‍കിയത്. ഇവയ്ക്ക് രാത്രി പതിനൊന്ന് മുതല്‍ രാവിലെ ആറ് വരെ ഗതാഗതം അനുവദിക്കും. എന്നാല്‍ കണ്ടെയ്നറുകള്‍ക്കുള്ള നിരോധനം തുടരും. 

ജില്ലാ കലക്ടര്‍ യു.വി. ജോസ്, ദേശീയ പാത അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വിനയരാജ്, താമരശേരി ഡിവൈഎസ്പി പി. ബാബുരാജ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. തകര്‍ന്ന റോഡിന്‍റെ അറ്റകുറ്റപണി എത്രയും വേഗം പൂര്‍ത്തിയാക്കാനും ഗതാഗതമന്ത്രി നിര്‍ദേശം നല്‍കി.