കോഴിക്കോട് മങ്കയത്ത് പുനരധിവാസ നടപടികള്‍ തുടങ്ങി

കോഴിക്കോട് മങ്കയത്ത് ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസ നടപടികള്‍ തുടങ്ങി. സര്‍വകക്ഷിയോഗം വിളിച്ച് കുറ്റമറ്റ രീതിയില്‍ അര്‍ഹരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക തയാറാക്കുന്നതിനാണ് നിര്‍ദേശം. അനര്‍ഹരെ ഉള്‍പ്പെടുത്തി റവന്യൂവകുപ്പ് പട്ടിക പ്രസിദ്ധീകരിച്ചത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കലക്ടറുടെ ഇടപെടല്‍.  

വീട് നഷ്ടപ്പെട്ട് വാടക വീട്ടില്‍ അഭയം തേടിയവര്‍. പൂര്‍ണമായും കൃഷിയിടം നശിച്ചവര്‍. സ്വന്തംനിലയില്‍ നഷ്ടപ്പെട്ടതൊന്നും വീണ്ടെടുക്കാന്‍ ശേഷിയില്ലാത്തവര്‍. കുടുംബങ്ങളുടെ ആശങ്ക ഏറെയായിരുന്നു. 

ഇവരില്‍ പലരും റവന്യൂവകുപ്പിന്റെ പട്ടികയില്‍പ്പെട്ടില്ല. രാഷ്ട്രീയ താല്‍പര്യങ്ങളെത്തുടര്‍ന്ന് അനര്‍ഹരില്‍ പലരും ഇടംപിടിച്ചു. മനോരമ ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ പിഴവ് പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നപരിഹാരം കാണണം. ഒരാഴ്ചയ്ക്കുള്ളില്‍ പിഴവ് പൂര്‍ണമായും പരിഹരിച്ച് അര്‍ഹരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പട്ടിക ജില്ലാഭരണകൂടത്തിന് കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.