ചെങ്ങോട് മല സംരക്ഷണത്തിന് ബിജെപിയുടെ പദയാത്ര

കോഴിക്കോട് ചെങ്ങോട് മല സംരക്ഷണത്തിനായി ബിജെപിയുടെ പദയാത്ര. ഖനനത്തിന്  ഒത്താശ ചെയ്യുന്നത് ജില്ലാ കലക്ടറെന്ന് പദയാത്ര ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. 

ഉരുൾപൊട്ടൽ സാധ്യതയുള്ള ചെങ്ങോട് മലയിൽ പാറ പൊട്ടിക്കുന്നതിന് അനുമതി നൽകിയാൽ ഒരു പ്രദേശമാകെ ആശങ്കയിലാകും. നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടും. പലരും വീടൊഴിയേണ്ടി വരും. മഞ്ഞൾ കൃഷിയെന്ന പേരിൽ ഖ ന നാനുമതി നേടാൻ ശ്രമിക്കുന്നവർക്ക് ജില്ലാ കലക്ടറാണ് സഹായിയായി പ്രവർത്തിക്കുന്നത്.  

ഗ്രാമസഭ ചേർന്ന് പാറമടയ്ക്ക് നൽകിയ അനുമതി റദ്ദാക്കണമെന്ന പ്രമേയം പാസാക്കിയത് കാണാതിരിക്കരുത്. ക്വാറിയുടെ പ്രവർത്തനം തുടങ്ങുന്നതിനെതിരെ അനിശ്ചിതകാല നിരാഹാരമുൾപ്പെടെയുള്ള സമരത്തെക്കുറിച്ച് ആലോചിക്കുന്നതായും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ബാലുശേരിയിൽ നിന്നാരംഭിച്ച പദയാത്ര കൂട്ടാലിടയിൽ സമാപിച്ചു.