വെള്ളമില്ലാതെ താലൂക്കാശുപത്രി; 700ലധികം രോഗികൾ ബുദ്ധിമുട്ടിൽ

മലപ്പുറം കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ വെള്ളമില്ലാതെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും.   ലാബിന്റെ പ്രവര്‍ത്തനവും  ഭാഗികമായാണ് നടക്കുന്നത്.  പഞ്ചായത്തിന്റെ മുള്ളൂര്‍ക്കടവ് ജലവിതരണ പദ്ധതി തകരാറിലായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ദിനം പ്രതി 700 രോഗികളെത്തുന്ന കുറ്റിപ്പുറം താലൂക്കാശുപത്രിയിലാണ് ആവശ്യത്തിന് വെള്ളമില്ലാത്തത്. സ്ത്രീകളും പുരുഷന്‍മാരുമായി 22 കിടപ്പുരോഗികളുമുണ്ട്. വെള്ളമില്ലാത്തതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ കഴിയുന്നില്ല. 

വലിയ കുപ്പികളിലും ബക്കറ്റുകളിലുമായി വാര്‍ഡുകളില്‍ വെള്ളം ശേഖരിച്ചുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി താലൂക്കാശുപത്രിയിലെ സ്ഥിതി ഇതാണ്. ചുരുങ്ങിയത് നാലായിരം  ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം വേണം.ഇത് പണം നല്‍കിയാണ് വാങ്ങുന്നത്. പരാതി ഉയര്‍ന്നതോടെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  താല്‍കാലികമായി  വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് ആവശ്യത്തിന് തികയുന്നില്ല. രണ്ടു ദിവസത്തിനകം ജലവിതരണം പുനസ്ഥാപിക്കുമെന്നാണ് കുറ്റിപ്പുറം പഞ്ചായത്തിന്റെ വിശദീകരണം.