റോഡിനായി കൃഷി ഭൂമി വിട്ടുനൽകി; 24 വര്‍ഷം കഴിഞ്ഞിട്ടും റോഡ് മാത്രം നടപ്പായില്ല

road-at-clt
SHARE

കോഴിക്കോട് പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനായി സ്ഥലം വിട്ടുനല്‍കിയ കര്‍ഷകര്‍ പ്രതിസന്ധിയില്‍. നല്ലവിള കിട്ടിയിരുന്ന മണ്ണ് നഷ്ടപ്പെട്ടതിനൊപ്പം വര്‍ഷങ്ങളായി പലരുടെയും വരുമാനമാര്‍ഗവും അടഞ്ഞു. പാത യാഥാര്‍ഥ്യമാകാന്‍ വൈകുന്നതിനെതിരെ ജനകീയസമിതി സമരം തുടങ്ങിയാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് കര്‍ഷകരുടെ നിലപാട്. 

പത്ത് സെന്റില്‍ തുടങ്ങി രണ്ടേക്കറിലധികം കൃഷിയിടം റോഡ് നിര്‍മാണത്തിനായി വിട്ടുനല്‍കിയവരുണ്ട്. 23 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കോഴിക്കോട് വയനാട് അതിര്‍ത്തിയിലൂടെ ബദല്‍പാത യാഥാര്‍ഥ്യമാകുമെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. എന്നാല്‍ ഇരുപത്തിനാല് വര്‍ഷം കഴിഞ്ഞിട്ടും വിട്ടുനല്‍കിയ കൃഷിയിടം കാടൂമൂടിയതല്ലാതെ യാതൊന്നും സംഭവിച്ചില്ല. നല്ല പാതയുണ്ടായാല്‍ അവശേഷിക്കുന്ന മണ്ണിലെ കൃഷിയ്ക്കൊപ്പം സുരക്ഷിത താമസവുമെന്ന് കരുതിയവരാണ് നിരാശയിലായത്.  

നിര്‍മാണത്തിന് കാലതാമസമുണ്ടായിട്ടും അഞ്ച് കുടുംബങ്ങള്‍ പശുവളര്‍ത്തലും തോട്ടം പരിപാലനവുമായി ഇവിടെ താമസിക്കുന്നുണ്ട്. ഇവരുടെ ശ്രമഫലമായാണ് പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിലെ കുറച്ചുഭാഗത്തെങ്കിലും ജീപ്പ് സര്‍വീസിനുള്ള സൗകര്യം ഇപ്പോഴും നിലനില്‍ക്കുന്നത്. തടസങ്ങള്‍ നീക്കി പാത തുറന്നാല്‍ മലയോരമേഖലയില്‍ വലിയ വികസനത്തിനും സാധ്യത തെളിയും. ജനകീയസമിതിയുടെ സമര പ്രഖ്യാപനത്തിന് മുന്‍പായി കര്‍ഷകര്‍ സ്വന്തംനിലയില്‍ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിക്കും. 

MORE IN NORTH
SHOW MORE