കാസര്‍കോട് കേന്ദ്ര സര്‍വകലാശാല തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേയ്ക്ക് അടച്ച കാസര്‍കോട് കേന്ദ്ര സര്‍വകലാശാല തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. നാളെമുതല്‍ പഠനം ആരംഭിക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ച സര്‍വകലാശാലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് അധികൃതരുടെ നിലപാട്. 

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പെരിയയിലെ സര്‍വകലാശാല ആസ്ഥാനത്ത് ആരംഭിച്ച യോഗത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളും, ജില്ലാ പൊലീസ് മേധാവിയും, വിവിധ പാട്ടികളുടെ ജില്ലാ ഭാരവാഹികളും പങ്കെടുത്തു. സര്‍വകലാശാലയെ പ്രതിനിധികരിച്ച് രജിസ്ട്രാറും, പ്രൊ.വൈസ് ചാന്‍സിലറുമാണ് ചര്‍ച്ചയ്ക്കെത്തിയത്. ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പുറത്താക്കിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി അഖില്‍ താഴത്തിനെ തിരിച്ചെടുക്കണമെന്ന ആവശ്യമാണ് യോഗത്തില്‍ പ്രധാനമായി ഉയര്‍ന്നത്.

സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് സര്‍വകലാശാല അധികൃര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു വിദ്യാര്‍ഥിയുടെ ഭാവി നശിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടില്‍ കലക്ടറും, എസ്പിയും ഉറച്ചു നിന്നു. ഇതോടെ ക്ഷമചോദിച്ചു കൊണ്ടുള്ള അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണക്കാമെന്നായി അധികൃതര്‍.  അഖിലിനെ തിരിച്ചെടുക്കണമെന്ന് ജില്ലാ കലക്ടറും വൈസ് ചാന്‍സിലറോട് ആവശ്യപ്പെടും. 

ആത്മഹത്യശ്രമത്തെ തുടര്‍ന്നു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള അഖില്‍ നാളെ രാവില കലക്ടര്‍ തയ്യാറാക്കിയ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കും. അതേസമയം സര്‍വകലാശാലയില്‍ പഠനം പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല. അമേരിക്കയിലുള്ള വൈസ് ചാന്‍സിലര്‍ ജി.ഗോപകുമാറുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയശേഷമാകും തീരുമാനം. അഖിലിനെ തിരിച്ചെടുക്കും വരെ സമാധനപരമായി പ്രതിക്ഷേധം തുടരാനാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.