വടകരയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം

bjp-harthal
SHARE

തുടര്‍‍ച്ചയായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് വടകര നിയോജകമണ്ഡലത്തില്‍  ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.  ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണുണ്ടായതോടെ കനത്ത ജാഗ്രതയിലാണ് പൊലീസ്. ആര്‍ ഡി.ഒയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം അല്‍പസമയത്തിനകം നടക്കും.

വടകര അറക്കിലാട് പൊതു സ്ഥലത്ത് സ്ഥാപിച്ച ബി.ജെ.പിയുടെ കൊടി നീക്കുന്നതുമായി ബന്ധപെട്ട തര്‍ക്കമാണ് വീടുകള്‍ക്കുനേരെയുള്ള ബോംബാക്രമണങ്ങളായി മാറിയത്. രണ്ടാഴ്ചക്കിടെ പത്തുവീടുകള്‍ക്കുനേരെ  ബോംബേറുണ്ടായി.  ശനിയാഴ്ച രാത്രി വടകര ടൗണില്‍ വച്ചു ചോറോട് പഞ്ചായത്തംഗം പി. ശ്യാംരാജിനിനെ ഒരു സംഘം വളഞ്ഞിട്ടു തല്ലി. ഇതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി പകല്‍ ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ സമാധാന പരമായിരുന്നു. കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ദേശീയപാതയിലൊഴികെ മറ്റു റോഡുകളിലെല്ലാം തിരക്ക് കുറവായിരുന്നു.  പ്രവര്‍ത്തകരെ ഏകപക്ഷീയമായി ആക്രമിക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം.

ഇന്നലെ രാത്രിയും ഇന്നുപുലര്‍ച്ചെയുമായി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. ഒഞ്ചിയത്ത് സിപി.എം പ്രാദേശിക നേതാവ് പി.പി രാമചന്ദ്രന്റെ വീടിന് ‌‌‌സ്റ്റീല്‍ ബോംബേറില്‍ സാരമായ കേടുപാടുണ്ടായി. പകരമായി പുലര്‍ച്ചെ നഗരത്തിലെ സേവാഭാരതി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. സംഘര്‍ഷം തുടരുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. അതേ സമയം അക്രമങ്ങളുമായി ബന്ധപെട്ട് ഇതുവരെ ആരെയും പിടികൂടാന്‍ പൊലീസിനായിട്ടില്ല.

MORE IN NORTH
SHOW MORE