നിയമങ്ങൾ പാലിച്ചില്ല; ബാര്‍ ഹോട്ടലിനെതിരെ അനിശ്ചിതകാല സമരം

മലപ്പുറം വണ്ടൂരില്‍ പുതുതായി തുറന്ന ബാര്‍ ഹോട്ടലിനെതിരെ നാട്ടുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജനവാസകേന്ദ്രത്തില്‍ ബാറിന് അനുമതി നല്‍കിയതെന്നാണ് സമരസമിതിയുടെ ആക്ഷേപം. 

കഴിഞ്ഞ ഒാഗസ്റ്റ് 14ന് മഹാപ്രളയത്തിനിടെയാണ് വണ്ടൂര്‍ ടൗണിനോട് ചേരന്ന പുളിക്കലില്‍ ബാര്‍ഹോട്ടല്‍ തുറന്നത്. വെളളപ്പൊക്കത്തിനിടെ ദിവസങ്ങളോളം ബാര്‍ തുറക്കുന്നതിന് എതിര്‍പ്പുമായി സംഘടിക്കാന്‍ പോലും നാട്ടുകാര്‍ക്കായിരുന്നില്ല.  ആരാധാനാലയങ്ങളില്‍ നിന്നു പോലും നിശ്ചിത അകലം പാലിക്കാതെയാണ് ബാറിന് അനുമതി നല്‍കിയതെന്നാണ് പരാതി.

ബാറിനെതിരെ ഒരാഴ്ച തുടര്‍ച്ചയായി സ്ത്രീകള്‍ നയിക്കുന്ന സമരം ആരംഭിച്ചു കഴിഞ്ഞു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിലേക്കുളള എളുപ്പവഴിയോട് ചേര്‍ന്നാണ് ബാര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ  ഒരു മാസമായി പ്രദേശത്ത് ക്രമസമാധാനപ്രശ്നവും പതിവാണ്.