വെറ്റിനറി സര്‍വകലാശാലയില്‍ ഗവേഷണത്തിനായി പുതിയ അതിഥികൾ

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ പുതിയ അതിഥികള്‍. ഗവേഷണത്തിനായി നാല് ഒട്ടകപ്പക്ഷികളെയാണ് എത്തിച്ചിരിക്കുന്നത്.  കേരളത്തില്‍ ആദ്യമായിട്ടാണ് ഗവേഷണത്തിനും വംശവര്‍ധനവിനുമായി ഒട്ടകപ്പക്ഷികളെ കൊണ്ടുവരുന്നത്. വരും കാലത്ത് കര്‍ഷകര്‍ക്കുള്ള ഒരു സാധ്യതകൂടിയാണ് ഒട്ടകപ്പക്ഷി ഫാം.

പക്ഷിവിഭാഗത്തില്‍ ലോകത്ത് ഏറ്റും വലിപ്പമുള്ള കൂട്ടരാണ്. അതിന്റെ അഹങ്കാരമൊന്നും കക്ഷിക്കില്ല. രൂപത്തിലും ചലനങ്ങളിലും കൗതുകങ്ങളേറെയുള്ള പക്ഷിയാണ് ഒട്ടകപക്ഷി. മരുഭൂമി പ്രദേശങ്ങളില്‍ കാണപ്പെടുന്നത് കൊണ്ടാണ് ഒട്ടകപക്ഷി എന്ന പേരു വീണത്. ജന്‍മ്മനാട് ആഫ്രിക്കയാണ്. തമിഴ്നാട്ടിലെ വെറ്റിനറി സര്‍വകലാശാലയില്‍ നിന്നും  കഴിഞ്ഞ ദിവസമാണ് പൂക്കോട്ടേക്ക് ഇവരെ എത്തിച്ചത്.നാലെണ്ണമുണ്ട്. കേരളത്തില്‍ ആദ്യമായിട്ടാണ് ഗവേഷണത്തിനായി ഒട്ടകപ്പക്ഷികളെ എത്തിക്കുന്നത്.

വംശവര്‍ധനയും ലക്ഷ്യമാണ്. നിലവില്‍ ഒരു കൂട് മാത്രമേയുള്ളു. ചോളം കടലപ്പിണ്ണാക്ക്, തവിട് എന്നിവയാണ് കൊടുക്കുന്ന ഭക്ഷണങ്ങള്‍. ആറുമാസം പ്രായമുള്ള ഒട്ടകപ്പക്ഷികള്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്തും. പൂക്കോട് സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജോണ്‍ എബ്രഹാമിന്റെ കീഴിലാണ് ഗവേഷണം.

രാജ്യത്ത് തമിഴ്നാട് വെറ്റിനറി യൂണിവേഴ്സിറ്റിക്ക് കീഴില്‍ മാത്രമാണ് ഒട്ടകപക്ഷി വളര്‍ത്തുകേന്ദ്രമുള്ളത്. തൂവലിനും മാംസത്തിനും തുകലിനും വേണ്ടി പലരാജ്യങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ട്. വരുംകാലത്ത് കേരളത്തിലെ കര്‍ഷകര്‍ക്ക് കൈവെക്കാവുന്ന ഒരു സാധ്യതകൂടിയാണിത്. കുഞ്ഞുങ്ങളെ വിരിയിച്ച് വില്‍ക്കാനും പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിക്ക് പദ്ധതികളുണ്ട്.