കാലവർഷക്കെടുതിയിൽ തകർന്ന് മുള്ളൻകൊല്ലി; നഷ്ടപരിഹാരം വേണമെന്ന് കര്‍ഷകർ

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന് വയനാട്ടിലെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്ത്. പ്രാഥമിക കണക്കുകള്‍ പ്രകാരം  124 കോടിയുടെ കാര്‍ഷിക നഷ്ടമാണുണ്ടായത്. എല്ലാ വര്‍ഷവും വരള്‍ച്ച പിടിമുറുക്കുന്ന പ്രദേശമായ ഇവിടെ കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കണമെന്നാണ്  കര്‍ഷകരുടെ ആവശ്യം. 

കാര്‍ഷികമേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലുള്ളത്. നാണ്യവിളകളും ഇടവിളക്കൃഷിയുമാണ് പ്രധാനം. 

വാര്‍ഡ് അംഗങ്ങളും പ്രാദേശിക കുരുമുളക് സംരക്ഷണസമിതികളുമാണ് പ്രാഥമിക നഷ്ടക്കണക്ക് തയാറാക്കിയത്.

1800 ഹെക്ടര്‍ ഭൂമിയില്‍ കുരുമുളകാണ്. ഇതില്‍ എണ്ണൂറ് ഏക്കറിലെ കൃഷി നശിച്ചു. വെള്ളം കെട്ടിനിന്ന് വേരുകള്‍ ചീഞ്ഞതാണ് പ്രധാന കാരണം.

കാപ്പിക്കൃഷിക്കും കാര്യമായ നഷ്ടമുണ്ടായി. കാപ്പിക്കുരു കൊഴിഞ്ഞു പോകുന്നു. ചേന ചേമ്പ് തുടങ്ങിയ കൃഷികള്‍ക്കും കൊക്കോയ്ക്കും കാര്യമായ വലിയ നഷ്ടമുണ്ട്. റബറും തകര്‍ച്ച നേരിടുന്നു. 

കാര്‍ഷിക മേഖലയായിട്ടും ഇവിടെ ഒരു കൃഷി ഓഫീസറില്ല.

നാണ്യവിളകളിലെ നഷ്ടപരിഹാരത്തിലുള്ള അവ്യക്തതകളും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.

കൃഷിയുടെ ആയുസ് കണക്കാക്കി നഷ്ടത്തിനുള്ള പണം അനുവദിക്കണമെന്നാണ് ആവശ്യം.