മെഡിക്കൽ കോളജിലെ ഏകഹൃദ്രോഗവിദഗ്ധന് സ്ഥലംമാറ്റം; ചികിത്സിക്കാൻ ആളില്ല

മഞ്ചേരി മെഡിക്കല്‍ കോളജിലെ ഏകഹൃദ്രോഗ വിദഗ്ധനെ പാലക്കാട്ടേക്ക് സ്ഥലംമാറ്റി. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലടക്കം കിടക്കുന്ന രോഗികളെ ചികില്‍സിക്കാന്‍ ഡോക്ടറില്ലാതായി.  

ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഹസന‍് ജഷീലിനെ മാത്രം ആശ്രയിച്ചാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദിവസവും നൂറു കണക്കിന് പേര്‍ ചികില്‍സ തേടുന്നത്. പാലക്കാട് മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുണ്ടായ രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഭാഗമായാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഏക ഡോക്ടറെ മാറ്റിയത്. 

പകരം  ഡോക്ടര്‍ ഇല്ലാത്തതുകൊണ്ട് പ്രയാസത്തിലായത് പാവപ്പെട്ട നൂറു കണക്കിന് രോഗികള്‍.

തീവ്രപരിചരണ വിഭാഗത്തിലുളള എട്ടു പേരടക്കം ചികില്‍സയിലുളള മുപ്പതോളം രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ്.

മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി കോംപ്ല്സും ടി.എം.ടി, എക്കോ സൗകര്യങ്ങളെല്ലാം ഇതോടെ ഉപയോഗശൂന്യമായി. ഒന്‍പതു കോടിയോളം രൂപ ചെലവഴിച്ച് മഞ്ചേരി മെഡിക്കല്‍ കോളജിന് കാത്തുലാബ് അനുവദിച്ച ശേഷമാണ് ആകെയുണ്ടായിരുന്ന ഡോക്ടറെ കൂടി സ്ഥലം മാറ്റിയത്.