നാഗലശേരി സ്‌കൂളില്‍ ക്ളാസ് മുറികളുടെ നിർമാണം വൈകുന്നു

പാലക്കാട് കൂറ്റനാട് നാഗലശേരി ഗവൺമെന്റ്ഹൈസ്‌ക്കൂളില്‍ ക്ളാസ് മുറികളുടെ നിർമാണം വൈകുന്നു . മൂന്ന് വർഷം മുൻപ് കെട്ടിടം നിർമിക്കാൻ അടിത്തറയിട്ടെങ്കിലും കരാറുകാരൻ നിർമാണം പൂർത്തിയാക്കിയിട്ടില്ല. സ്ഥല പരിമിതിയിൽ സ്കൂൾ അധ്യയനം പ്രതിസന്ധിയിലാണ്

എട്ടു ക്ലാസ് മുറികളുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റിയിട്ടാണ്  പുതിയത് നിർമിക്കാൻ പദ്ധതിയിട്ടത്.  വിടി ബല്‍റാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചായിരുന്നു നിർമാണം തുടങ്ങിയത്. എന്നാൽ അടിത്തറ നിർമിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. 

കുട്ടികൾക്ക് അപകടമുണ്ടാക്കി പില്ലറിന്റെ കമ്പികള്‍ ഉയർന്നു നിൽക്കുന്നു.

ഒരു ഹാളിൽ ആറ് ക്ലാസ് മുറികൾ തിരിച്ചാണ് ഇപ്പോൾ അധ്യയനം. അടുത്തിടെ കുഴിയില്‍ വീണ് ഒരു വിദ്യാര്‍ഥിക്ക് പരുക്ക് പറ്റിയിരുന്നു.

കെട്ടിട നിർമാണം വൈകുന്നതും അപകട സാഹചര്യങ്ങളും വ്യക്തമാക്കി അധ്യാപകരും, പിടിഎ ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകിയെങ്കിലും മറുപടിയില്ല. ഹാബിറ്റാറ്റ് എന്ന ഏജന്‍സിയാണ് നിര്‍മാണ കരാർ ഏറ്റെടുത്തത്.