ബേപ്പൂരില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ സമരം രണ്ടാംദിവസം; യാത്രാക്ലേശം രൂക്ഷം

വേതന വര്‍ധന ആവശ്യപ്പെട്ട് കോഴിക്കോട് ബേപ്പൂരില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ സമരം രണ്ടാംദിവസത്തിലേക്ക് കടന്നതോടെ യാത്രാക്ലേശം രൂക്ഷം. വേതനം കൂട്ടി നല്‍കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ നിലപാട്. സമരം തുടര്‍ന്നാല്‍ സംഘടിതമായി ബസ് പിടിച്ചെടുക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.  

  

അന്‍പത്തി ആറ് ബസിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ബേപ്പൂരില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി. കാര്യമായി കെ.എസ്.ആര്‍.ടി.സി ഓടാത്ത പാതയായതിനാല്‍ ദുരിതം ഇരട്ടിയായി. ശമ്പളം കൂട്ടുന്നതിനൊപ്പം രണ്ട് വര്‍ഷത്തെ കുടിശികയുള്‍പ്പെടെ നല്‍കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 

ദുരിതം തുടര്‍ന്നാല്‍ കണ്ടുനില്‍ക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ജീവനക്കാരുമായി വീണ്ടും ചര്‍ച്ചക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്. പ്രശ്നപരിഹാര സാധ്യത പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍.ടി.ഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.