നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടര്‍മാരില്ല

കണ്ണൂർ ജില്ലയിലെ നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  ആവശ്യത്തിന് ഡോക്ടര്‍മാരില്ല. നൂറുകണക്കിന് രോഗികളെ ചികില്‍സിക്കാന്‍ ഇവിടെ ആകെയുള്ളത് ഒരേയൊരു ഡോക്ടറാണ്.  മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേക്ക് അതിരാവിലെ തന്നെയെത്തുന്നത് നൂറ് കണക്കിന് രോഗികളാണ്. അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 

രാവിലെ 8 മണിക്ക് തന്നെ ആശുപത്രി പരിസരം രോഗികളെകൊണ്ട് നിറയും. യാത്ര സൗകര്യമില്ലാത്ത മലഞ്ചെരുവുകളിൽ താമസിക്കുന്നവർ 10 കിലോമീറ്റൻ വരെ നടന്നാണ് വരുന്നത്. എന്നാൽ ഏക ഡോക്ടർക്ക് ഇവരെയെല്ലാം പരിശോധിക്കുക സാധ്യമല്ല. ഡോക്ടർ മറ്റ് ആവശ്യങ്ങൾക്ക് പോകുമ്പോഴും അവധിയെടുക്കുമ്പോഴും രോഗികൾ നിരാശരായി മടങ്ങും. നേരത്തെ ഉണ്ടായിരുന്ന NRHM ഡോക്ടർ രാജിവച്ച് പോയതോടെ പകരം ഡോക്ടറെ നിയമിക്കാതിരുന്നന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.

ഇവിടെ ചികിൽസ ലഭിച്ചില്ലെങ്കിൽ 30 കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പ് താലൂക്ക് ആശുപത്രിയാണ് ഏക ആശ്രയം.