കടുത്ത ചൂടിൽ വലഞ്ഞ് പാലക്കാട് നഗരം

പ്രളയാനന്തരം പാലക്കാടിന് ചുട്ടുപൊളളുകയാണ്. ഇന്നേക്ക് ഒരു മാസം മുന്‍പാണ് പാലക്കാട് നഗരത്തെ നടുക്കിയ മിന്നല്‍പ്രളയമുണ്ടായത്. നഷ്ടങ്ങളെക്കുറിച്ചുളള കണക്കെടുപ്പ് തുടരുമ്പോഴും അതിജീവനം അകലെയല്ലെന്ന് പാലക്കാടും തെളിയിച്ചു.

കഴിഞ്ഞമാസം ഒന്‍പതിന് പുലര്‍ച്ചെയാണ് പാലക്കാട് നഗരത്തോട് ചേര്‍ന്നുളള കല്‍പാത്തിയും ശേഖരീപുരവും പുത്തൂരുമൊക്കെ വെളളത്തിലായത്. മിന്നല്‍പ്രളയത്തില്‍ കെട്ടിടങ്ങളുടെ താഴത്തെ നില മുങ്ങിയപ്പോള്‍ എങ്ങനെയും രക്ഷപെടുകയായിരുന്നു ജനങ്ങള്‍.

വെളളപ്പൊക്കത്തിന്റെ അടയാളങ്ങളൊക്കെ മാഞ്ഞുതുടങ്ങിയിരിക്കുന്നു. വീടുകളൊക്കെ വൃത്തിയാക്കി ജീവിതം സാധാരണനിലയിലെത്തി. തോടുകളും പുഴകളുമൊക്കെ അസാധാരണമാംവിധം വറ്റിപ്പോയതാണ് ഇന്നത്തെ കാഴ്ചകള്‍.

നിറഞ്ഞൊഴുകിയിരുന്ന ഇ‌ൗ തോട്ടിലൂടെയാണ് ശേഖരീപുരം അംബികാപുരത്തെ വീടുകളിലേക്ക് വെളളം ഇരച്ചെത്തിയതെന്ന് നമുക്ക് ചിന്തിക്കാനാകുന്നില്ല. അത്രമേല്‍ നീരൊഴുക്ക് കുറഞ്ഞ് തോട് ഇപ്പോള്‍ കരഭൂമിപോലയായിരിക്കുന്നു

പ്രളയമേല്‍പ്പിച്ച കേടുപാടുകള്‍ തീരാത്തയിടങ്ങളുമുണ്ട്. പുഴയോരത്തും തോടുകള്‍ക്ക് സമീപവും തകര്‍ന്നടിഞ്ഞ വീടുകളൊക്കെ ഇനി പുനര്‍നിര്‍മിക്കുക എളുപ്പമല്ല. സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് നല്ലൊരു വീട് ഉണ്ടാകണം. ബന്ധുവീടുകളിലും ദുരിതാശ്വാസക്യാംപുകളിലും കഴിയുന്നവര്‍ക്ക് കൈത്താങ്ങാകണം.

രണ്ടു ക്യാംപുകളിലായി 24 കുടുംബങ്ങളിലെ 79 പേരാണുളളത്. ജില്ലയിലാകെ 500 കോടി രൂപയുടെ നഷ്ടം.