കൃഷിയുടെ മറവിൽ മരം മുറിച്ചു മാറ്റുന്നു; അനധികൃതമെന്ന് റിപ്പോർട്ട്

ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ എടവണ്ണപ്പാറ, വാഴക്കാട് ഭാഗങ്ങളില്‍ പുഴയുടെ ഇരുകരകളില്‍ നിന്നും വന്‍മരങ്ങള്‍ മുറിച്ചു മാറ്റുന്നു. പുഴയോരങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുബോഴാണ് കൃഷിയുടെ മറവില്‍ മരം മുറിക്കുന്നത്.

അനുമതിയൊന്നുമില്ലാതെയാണ് മരങ്ങള്‍ പുഴയിലേക്ക് മുറിച്ചിടുന്നത്. പുഴയിലൂടെ ഒഴുകിപ്പോവുന്ന മരങ്ങള്‍ താഴെയെത്തുമ്പോള്‍ ഇതേ സംഘങ്ങള്‍ തന്നെ തടി കരക്ക് കയറ്റുകയാണ് പതിവ്. പുഴയോരത്തെ റവന്യൂ ഭൂമിയിലെ വാഴകൃഷിക്കെന്ന പേരിലാണ് മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. മറുകരയിലാവട്ടെ മാവൂര്‍ ഗ്വോളിയര്‍ റയോണ്‍സ് ഭൂമിയുടെ പരിസരത്തു നിന്നു മരങ്ങള്‍ മുറിക്കുന്നുണ്ട്. മലപ്പുറം എസ്.പി നിയോഗിച്ച മണല്‍ സ്ക്വാഡും കഴിഞ്ഞ ദിവസം മരങ്ങള്‍ മുറിക്കുന്നതായി റിപ്പോര്‍ട്ട് നില്‍കിയിട്ടുണ്ട്. 

കോഴിക്കോട് നഗരത്തിലേക്ക് അടക്കം ഒട്ടേറെ കുടിവെളള പദ്ധതികളുടെ കിണറുകളും പരിസരത്തുണ്ട്. പുഴയിലേക്ക് മരങ്ങള്‍ വെട്ടിയിടുന്നത് വെളളത്തേയും ബാധിക്കും. എന്നിട്ടും പുഴയോരത്തെ മരങ്ങള്‍ മുറിച്ചു കടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിക്ക് ശ്രമം ആരംഭിച്ചിട്ടു പോലുമില്ല.