കണ്ണൂര്‍ താവം മേല്‍പാലം അപകടക്കെണിയാകുമെന്ന ആശങ്കയില്‍ നാട്ടുകാർ

അഞ്ചുവര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ കണ്ണൂര്‍ താവം മേല്‍പാലം ഉദ്ഘാടനത്തിന് കാത്തിരിക്കാതെ തുറന്ന് നല്‍കിയെങ്കിലും അപകടക്കെണിയാകുമെന്ന ആശങ്കയില്‍ നാട്ടുകാര്‍. റെയില്‍പാതയ്ക്ക് മുകളില്‍ എസ് ആകൃതിയില്‍ പാലം നിര്‍മിച്ചതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. 

കണ്ണൂരില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് തളിപ്പറമ്പ് ടൗണില്‍ കയറാതെ വേഗത്തില്‍ പയ്യന്നൂരിലെത്താന്‍ സഹായിക്കുന്ന റോഡാണിത്. ലോകബാങ്കിന്റെ സഹായത്താല്‍ ഇഴഞ്ഞുനീങ്ങിയ കെഎസ്ടിപി റോഡ് പദ്ധതിയിലാണ് താവം മേല്‍പാലവും നിര്‍മിച്ചത്. യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതത്തിന് അവസനമായി കഴിഞ്ഞദിവസമാണ് പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങിയത്. അപായസൂചനയായി ലൈറ്റുകളും ബോര്‍ഡുകളും സ്ഥാപിച്ചു. എന്നാല്‍ അമിതവേഗതയില്‍ ഇരുദിശകളില്‍നിന്നും വാഹനങ്ങള്‍ എത്തിയാല്‍ അപകടം ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു.

മേല്‍പാലത്തില്‍ നടപ്പാതയും നിര്‍മിച്ചിട്ടില്ല. പകരം റെയില്‍പാതയ്ക്ക് തൊട്ടുമുകളില്‍ നടപ്പാതനിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തുടങ്ങിയ പദ്ധതിയുടെ ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രിയെതന്നെ കൊണ്ടുവന്ന് നടത്താനാണ് തീരുമാനം.