ആരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചതായി പരാതി

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ആരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചതായി പരാതി. തിരൂര്‍ ആലത്തിയൂര്‍ ആരോഗ്യ ഉപകേന്ദ്രമാണ് തൃപ്രങ്ങോട് പഞ്ചായത്ത് ഒഴിപ്പിച്ചത്. അതേ സമയം മാസങ്ങള്‍ക്ക് മുന്പ് നോട്ടീസ് നല്‍കിയിട്ടും ഒഴിയാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന്  തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കുമാരന്‍ പ്രതികരിച്ചു 

കുടുംബശ്രീ ന്യൂട്രിമിക്സ് കേന്ദ്രം തുടങ്ങാനാണ് ഉപകേന്ദ്രം മാറ്റിയത്.ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് കെട്ടിടം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട്  തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്  ആരോഗ്യ വകുപ്പിന് കത്തു നല്‍കിയത്.എന്നാല്‍  പുതിയ കെട്ടിടത്തില്‍ ആരോഗ്യ ഉപകേന്ദ്രത്തിനാവശ്യ മായ പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്തിന്റെ ആവശ്യം ആരോഗ്യവകുപ്പ് അംഗീകരിച്ചില്ല.എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഉപകേന്ദ്രത്തിലെത്തി ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ  സാധനങ്ങള്‍  മാറ്റിയത് .

എന്നാല്‍ കെട്ടിടം ഒഴിഞ്ഞു തരണമെന്ന പഞ്ചായയത്തിന്റെ ആവശ്യം  മാസങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് അംഗീകരിക്കാത്തതിനാലാണ്   നടപടിയെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം

ഉപകേന്ദ്രത്തിനാവശ്യമായ സൗകര്യം ഒരുക്കാതെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.നിലവില്‍ ഒരു ദിവസം 400 രോഗികളാണ് എലിപ്പനി പ്രതിരോധ ചികില്‍സക്കായി ഇവിടെ എത്തുന്നത്.ഉപകേന്ദ്രം ഒഴിപ്പിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍   ഇനി എങ്ങനെ  നടത്തുമെന്ന  ആശങ്കയിലാണ് ആരോഗ്യവകുപ്പ്