പാടശേഖരത്തിൽ കൃഷിയന്ത്രങ്ങൾ ഇറക്കാനുള്ള സൗകര്യമില്ല; പാട്ടിത്തറയിൽ പരാതി

പാലക്കാട് പട്ടിത്തറ പഞ്ചായത്തത്തിലെ നൂറ് ഏക്കര്‍ വരുന്ന പാടശേഖരത്തിലേക്ക് കാർഷികയന്ത്രങ്ങൾ ഇറക്കാനുളള സൗകര്യം ഇല്ലാതാക്കിയതായി പരാതി. കൃഷി ചെയ്യാനുളള സൗകര്യം ഒരുക്കാന്‍ കൃഷിവകുപ്പിന്റെ ഇടപെടല്‍ തേടുകയാണ് കര്‍ഷകര്‍.

പട്ടിത്തറ കൃഷിഭവന്റെ കീഴില്‍ മലമക്കാവിലെ ഏക്കർകണക്കിന് കിടക്കുന്ന പാടശേഖരങ്ങളിലേക്ക് കൊയ്ത്ത് യന്ത്രങ്ങളും മറ്റ് വാഹനങ്ങളും റാമ്പ് വഴിയാണ് എത്തിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷമായി റാമ്പ് വഴിയുളള സഞ്ചാരം ഇല്ലാതായി. റാമ്പിന്റെ ഭാഗം സ്വകാര്യവ്യക്തി കുഴിയാക്കിയെന്നാണ് കര്‍ഷകരുടെ പരാതി..നേരത്തെ തൃത്താല പൊലീസ് ഇടപെട്ട് തടസം നീക്കിയെങ്കിലും വീണ്ടും ബുദ്ധിമുട്ടായി. 66 വര്‍ഷത്തില്‍ ഇറിഗേഷൻ നിർമ്മിച്ച റാമ്പിന് സമീപം കനാൽ വെള്ളം പാടത്തേക്ക് കൊണ്ടു പോകാനും സൗകര്യമുണ്ടായിരുന്നു. 

നൂറ് ഏക്കര്‍ വരുന്ന പാടശേഖരമാണിത്. വിഷയത്തില്‍ കോടതിയിൽ കേസ് നിലനിൽക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ കൃഷിയിറക്കേണ്ട കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കോടതി ചുമതലപ്പെടുത്തിയ കമ്മീഷൻ തെളിവെടുപ്പ് നടത്തി വരികയാണെന്നും കർഷകരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണവിധേയനായ സ്ഥലം ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു. കൃഷിഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.