പ്രളയനഷ്ടം; വയനാട്ടിൽ വീടില്ലാതായത് ആയിരങ്ങൾക്ക്

വയനാട് ജില്ലയില്‍ ഈ മണ്‍സൂണ്‍ കാലയളവില്‍ കെടുതികള്‍ കാരണം പൂര്‍ണമായും വീട് നഷ്ടപ്പെട്ടത് ആയിരത്തോളം പേര്‍ക്ക്. ക്യാമ്പുകളില്‍ നിന്നും എങ്ങോട്ട് പോകുമെന്നതാണ് ഇവര്‍ക്ക് മുന്നിലുള്ള ചോദ്യചിഹ്നം. 

ഈ മണ്‍സൂണ്‍ കാലയളവില്‍ മൊത്തം 226 വീടുകളാണ് വയനാട്ടില്‍ തകര്‍ന്ന് തരിപ്പണമായത്. ഒരു വീട്ടില്‍  നാലു പേരെന്ന് കണക്കാക്കിയാല്‍ത്തന്നെ ആയിരത്തിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. 537 വീടുകള്‍ ഭാഗികമായി തകര്‍ച്ച നേരിട്ടു. ഇതിലൊന്നും കയറിക്കിടക്കാന്‍ സാധ്യമല്ല. തകര്‍ച്ച നേരിടാത്ത വീടുകളിലെ വെള്ളം ഒഴിഞ്ഞുപോയാല്‍ തന്നെ പെട്ടന്ന് താമസ യോഗ്യവുമാവില്ല. 

വീടുകള്‍ നഷ്ട്ടമായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെപ്പോള്‍ ലഭിക്കുമെന്ന് ആര്‍ക്കും അറിയില്ല. വീടുകളോടൊപ്പം പ്രധാനപ്പെട്ട പലതും നഷ്ടപ്പെട്ടവരുണ്ട്.

പ്രളയബാധിത മോഖലയില്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. അതീവ അപകടാവസ്ഥയിലാണ് പല വീടുകളും. മഴ മാറിയാലും ഇവരുടെ ഭീതി തുടര്‍ന്നു കൊണ്ടേയിരിക്കും.