കാസർകോട് റാണിപുരത്തേക്കുള്ള പാത സഞ്ചാരയോഗ്യമല്ല, അവഗണന

കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേയ്ക്ക് എളുപ്പമെത്താവുന്ന പാത അവഗണനയില്‍. കാടിനകത്തുകൂടിയുള്ള റോഡാണ്  ഗതാഗത യോഗ്യമാല്ലാതായത്. റോഡ് സഞ്ചാരയോഗ്യമാക്കിയാല്‍ ജില്ലയുടെ മലയോര മേഖലയുടെ സമഗ്രവികസനത്തിന് വഴി തുറക്കും . 

കാസര്‍കോടിന്റെ മലയോര വിനോദസഞ്ചാരകേന്ദ്രമാണ് റാണിപുരം. നിലവില്‍ കാഞ്ഞങ്ങാടു നിന്ന് രാജപുരം വഴി വേണം റാണിപുരത്തെത്താന്‍. എന്നാല്‍ വെള്ളരിക്കുണ്ട് എടക്കാനത്തു നിന്നുള്ള പാത ഗതാഗതയോഗ്യമാക്കിയാല്‍ കണ്ണൂരില്‍ നിന്നുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ റാണിപുരമെത്താം. എടക്കാനാം ജംഗ്ഷനില്‍ നിന്ന് പടയം കല്ലിലേയ്ക്കുള്ള വഴിയിലൂടെ രണ്ടു കിലോമിറ്ററോളം സഞ്ചരിച്ചു വേണം ഈ പാതയിലെത്താന്‍. രണ്ടു കിലോമിറ്റര്‍ ദൂരം വര്‍ഷങ്ങള്‍ക്കു മുമ്പ് മെറ്റല്‍ വിരിച്ചതല്ലാതെ മറ്റൊരു പ്രവര്‍ത്തിയും നടന്നിട്ടില്ല. ഇവിടെ നിന്ന്  പോപ്പുലര്‍ എസ്റ്റേറ്റിലൂടേയും, വനത്തിലൂടേയുമാണ് ഏഴുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത കടന്നുപോകുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് വാഹനങ്ങള്‍ ഈ വഴിയിലൂടെ പോയിരുന്നെങ്കിലും ഇന്ന് ഗതാഗതം സാധ്യമല്ല. പാതയേറ്റെടുക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ജനപ്രതിനിധികള്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

പാത യാഥാര്‍ധ്യമാകുന്നതോടെ കോട്ടഞ്ചേരി മലകളിലേയ്ക്കും, തലക്കാവേരിയുള്‍പ്പെടെയുള്ള കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും എളുപ്പമെത്താം. പ്രദേശത്തെ സ്വകാര്യവ്യക്തികളില്‍ നിന്ന് ഭൂമി എറ്റെടുത്ത് സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ വിനോദസഞ്ചാര വകുപ്പ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.