നിരവധി കുടുംബങ്ങളുടെ ഉറക്കം കെടുത്തി ജനവാസമേഖലയിലെ മാലിന്യം

waste
SHARE

രാത്രിയില്‍ വ്യാപാരിയുടെ നേതൃത്വത്തില്‍ ജനവാസമേഖലയില്‍ കുഴിച്ചുമൂടിയ മാലിന്യം നിരവധി കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് വ്യക്തമായിട്ടും മാലിന്യം നീക്കാന്‍ നടപടിയില്ലെന്നാണ് പരാതി. കോഴിക്കോട് ബാലുശേരി നെരോത്തിലെ കുടുംബങ്ങള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്. 

ഇരുന്നൂറിലധികം കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മൂന്ന് ദിവസമായി. പൊലീസിലും പഞ്ചായത്തിലും മറ്റ് അധികാരികളോടും പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. മാലിന്യം നീക്കാമെന്ന് നിക്ഷേപിച്ചയാള്‍ ആദ്യം പൊലീസിനോട് സമ്മതിച്ചെങ്കിലും ‌പിന്നീട് മുങ്ങി. നേരോത്ത് മാവുള്ളക്കണ്ടിയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം കൊണ്ടിട്ടത്. നാട്ടുകാരോട് മഴക്കുഴിയെന്നാണ് അറിയിച്ചിരുന്നത്. രാത്രിയുടെ മറവില്‍ ചെയ്ത പണി ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ മാലിന്യമെന്ന് തിരിച്ചറിയുകയായിരുന്നു. കോഴി മാലിന്യവും കക്കൂസ് മാലിന്യവുമുള്‍പ്പെടെ കുഴിച്ചുമൂടിയെന്നാണ് വിവരം. പ്രദേശത്തെ നീര്‍ച്ചാലുകളില്‍ വെള്ളത്തിന്റെ നിറം മാറി. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. കുട്ടികളെ സ്കൂളിലേക്ക് അയക്കാതായി. സമീപത്തെ കോളനിയിലെ പലരും വീട് പൂട്ടി റോഡില്‍ കൂട്ടമായി പ്രതിഷേധിച്ചു.

സുഹൃത്തിന്റെ വസ്തുവിലാണ് വ്യാപാരി മാലിന്യം തള്ളിയത്. വസ്തു ഉടമയെ നാട്ടുകാര്‍ തടഞ്ഞുവച്ചെങ്കിലും വ്യാപാരി പുറത്തിറങ്ങിയില്ല. പ്രദേശത്ത് അടുത്തിടെയാണ് പ്രദേശത്ത് ഇരുപതിലധികമാളുകള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിലെ ആശങ്ക വിട്ടൊഴിയുന്നതിന് മുന്‍പാണ് വീണ്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യനിക്ഷേപമുണ്ടായിരിക്കുന്നത്. 

MORE IN NORTH
SHOW MORE