നിയമങ്ങൾ ലംഘിച്ച് വിദ്യാർത്ഥികളുടെ അപകടകരമായ ബൈക്ക് യാത്ര

പാലക്കാട് തൃത്താല   മേഖലയില്‍ വിദ്യാര്‍ഥികളുടെ അപകടകരമായ ബൈക്ക് യാത്ര കാൽനടയാത്രക്കാർക്കും ഭീക്ഷണിയാകുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചും മൂന്നുപേര്‍ വീതം കയറിയുമാണ് ബൈക്ക് സവാരി. അമിതവേഗവും അശ്രദ്ധയും വ്യാപകമാണ്.

തൃത്താല മേഖലയിൽ സ്കൂൾ വിട്ടാൽ സ്ഥിരം കാഴ്ച്ചയാണ്. ലൈസൻസോ, ഹെൽമറ്റോ ഒന്നുമില്ലാതെ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥികളുടെ ബൈക്ക് സഞ്ചാരം. അമിതവേഗം, അശ്രദ്ധ എന്നിവ അപകടങ്ങള്‍ക്കിടയാക്കുന്നു.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച ഒട്ടേറെ വാഹനങ്ങൾ നേരത്തെ തൃത്താല പൊലീസ് പിടികൂടിയിരുന്നു.  രക്ഷിതാക്കളെ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയച്ചെങ്കിലും ആരും കാര്യമായെടുക്കുന്നില്ല. ചിലര്‍ പൊലീസിെന സ്വാധീനിച്ച് കേസില്‍ നിന്ന് തടിയൂരുക പതിവാണ്. പൊലീസ് പിടിക്കാതിരിക്കാന്‍ സ്കൂള്‍ യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങള്‍ ധരിക്കുന്നവരുമുണ്ട്. വില കൂടിയ ബൈക്കുകളാണ് മിക്കവരും ഉപയോഗിക്കുന്നത്. രക്ഷിതാക്കൾ കടം വാങ്ങിയും വാഹനം വാങ്ങിക്കൊടുക്കുമ്പോള്‍ ലൈസന്‍സ് പോലുമില്ലാത്ത കുരുന്നുകളാണ് നിയമലംഘനം നടത്തുന്നത്.