മഴക്കാലത്തും കുടിവെള്ളത്തിനു കേണ് മുരിങ്ങമറ്റം കോളനി

മഴക്കാലത്തും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് വയനാട് പനമരം നീരട്ടാടി മുരിങ്ങമറ്റം കോളനിയിലെ കുടുംബങ്ങള്‍. വേനല്‍ക്കാലത്ത് കടുത്ത വെള്ളക്ഷാമം നേരിടുന്ന ഇവിടെ പല പദ്ധതികളും പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്.

പനമരം നീരട്ടാടി കോളനിയില്‍ മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.ആദിവാസി കോളനിയാണെങ്കിലും ജനറല്‍വിഭാഗക്കാരും ഇവിടെ താമസിക്കുന്നുണ്ട്.

ഒരു പൊതു കിണറാണ് ഇവര്‍ക്ക് കുടിവെള്ളത്തിനായുള്ള ഏക ആശ്രയം. ഇതിലാകട്ടെ മഴക്കാലം മാത്രമേ വെള്ളം ഉണ്ടാവുകയുള്ളു. ഏറെ ആഴമുളളതിനാല്‍ വെള്ളം കോരി  മുകളിലെത്തുന്നതിന് തന്നെ സമയമെടുക്കും. ശുദ്ധജലം ലഭ്യമാക്കുന്നതിന് പദ്ധതികള്‍ വേണമെന്നത് കുടുംബങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്.

ജലനിധി പദ്ധതി നടപ്പിലാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ഇതിന് വേണ്ടിയുള്ള പൈപ്പ് ഇട്ട് പോയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിവെള്ള പദ്ധതിക്കുള്ള ടാങ്ക് നിര്‍മ്മിച്ചിരുന്നു. ചോര്‍ച്ച വന്നതി പരിഹരിച്ചിട്ടില്ല. കോളനിക്ക് തൊട്ടടുത്ത് കൂടെയാണ് പനമരം പുഴ ഒഴുകുന്നത്. ഈ വെള്ളം ഉപയോഗപ്പെടുത്തിയാല്‍ പ്രശ്നപരിഹാരമാകും.