താമരശേരി ചുരം വഴി വാഹനയാത്രക്കുണ്ടായിരുന്ന നിരോധനം പിന്‍വലിച്ചു

കോഴിക്കോട് താമരശേരി ചുരം വഴി വാഹനയാത്രക്കുണ്ടായിരുന്ന നിരോധനം പിന്‍വലിച്ചു. പതിനാറ് ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് ചുരത്തിലൂടെ സഞ്ചരിക്കാം. ഒരാഴ്ചക്കാലത്തേക്കാണ് തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായാല്‍ വീണ്ടും നിയന്ത്രമേര്‍പ്പെടുത്തും. 

കനത്തമഴയില്‍ ചുരത്തില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്നാണ് ഗതാഗതത്തിന് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തിയത്. റോഡ് പുനര്‍നിര്‍മിക്കുന്നതു വരെ ചിപ്പിലിത്തോട് വരെയായിരുന്നു കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയിരുന്നത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസും ചെറുവാഹനങ്ങള്‍ക്കും അനുമതി നല്‍കി. ചരക്ക് ലോറിയുള്‍പ്പെടെ മറ്റ് വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് കടത്തിവിട്ടിരുന്നത്. ഈ നിയന്ത്രണമാണ് ഒരാഴ്ചക്കാലത്തേക്ക് പൂര്‍ണമായും പിന്‍വലിച്ചത്. മഴ കനക്കുകയോ ഏതെങ്കിലും തരത്തില്‍ കൂടുതല്‍ മണ്ണിടിയുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. 

നിരോധനം നീക്കുകയാണ്. വലിയ വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങി. നിലവില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ ചുരത്തിലൂടെയുള്ള യാത്ര തല്‍ക്കാലം സുരക്ഷിതമാണ്. മറ്റ് നടപടികള്‍ പൂര്‍ണമായും വിലയിരുത്തലിനു ശേഷമായിരിക്കും നടപ്പാക്കുക. നിയന്ത്രണം നീക്കിയതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്ക് ലോറികള്‍ക്ക് കിലോമീറ്ററുകള്‍ ചുറ്റാതെ താമരശേരി വഴി സഞ്ചരിക്കാനാകും. അടിയന്തര സാഹചര്യത്തില്‍ ചുരത്തിലെ യാത്രാക്കുരുക്കില്‍ ഇടപെടാന്‍ നേരത്തെ നിയോഗിച്ച പൊലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തുടരും.