പട്ടയഭൂമിയുടെ നികുതി സ്വീകരിക്കുന്നില്ല, ദുരിതത്തിലായി കല്യാട് വാസികൾ

വില കൊടുത്ത വാങ്ങിയ പട്ടയഭൂമിയുടെ നികുതി സ്വീകരിക്കാത്തതിനാല്‍ ദുരിതത്തിലായി കണ്ണൂര്‍ കല്യാട് വില്ലേജിലെ ഇരുപതോളം കുടുംബങ്ങള്‍. റവന്യൂ ഭൂമിയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ്   നികുതി സ്വീകരിക്കാതെ റവന്യൂവകുപ്പ് സാധാരണക്കാരെ പ്രയാസത്തിലാക്കിയിരിക്കുന്നത്.  

ഉണ്ണികൃഷ്ണന്റെ ഭൂമിക്ക് 1987വരെ നികുതി സ്വീകരിച്ചതാണ്. പിന്നീട് ഇതുവരെ നികുതി സ്വീകരിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായിട്ടില്ല. ആധാരവും പട്ടയവുമുണ്ട്. നികുതി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടും നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഭൂനികുതി സ്വീകരിക്കാത്തിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി എല്ലാവരും മടുത്തു. നികുതി ചീട്ട് ലഭിക്കാത്തതിനാല്‍ ബാങ്കില്‍നിന്ന് വായ്പയെടുക്കാനും സാധിക്കുന്നില്ല. പരാതികള്‍ പരിശോധിച്ച് നികുതി സ്വീകരിച്ച് വരുന്ന നടപടികള്‍ നടന്നുവരുകയാണെന്നാണ് വില്ലേജ് ഓഫിസില്‍നിന്നുള്ള മറുപടി.