കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിലാക്കാന്‍ തീരുമാനം

kattipara-t
SHARE

പതിനാലുപേരുടെ ജീവനെടുത്ത കോഴിക്കോട് കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍പ്പെട്ട കുടുംബങ്ങളുടെ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മെല്ലെപ്പോക്കെന്ന വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് പ്രത്യേക കര്‍മസമിതിക്ക് രൂപം നല്‍കി. ഒന്‍പതിന് കേന്ദ്രസംഘം കട്ടിപ്പാറ സന്ദര്‍ശിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

പൂര്‍ണമായും നഷ്ടപ്പെട്ട ഒന്‍പതും ഭാഗികമായി തകര്‍ന്ന ഇരുപതും ഭീഷണിയുള്ള നാല്‍പത് വീടുകളുടെയും കാര്യത്തിലാണ് പ്രധാന ആശങ്ക. ഈ കുടുംബങ്ങളെ സുരക്ഷിത ഇടത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ് സമിതിയുടെ ആദ്യ ലക്ഷ്യം. കാലവര്‍ഷം തുടരുന്നതിനാല്‍ പണികള്‍ തടസപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനൊപ്പം നിരവധി സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്ത സഹായം പ്രയോജനപ്പെടുത്തി പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാണ് നിര്‍ദേശം. ഏഴ് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നുണ്ട്. അപകടമുണ്ടായ സ്ഥലത്തെ കല്ലും മണ്ണും നീക്കുന്ന ജോലികളും മുടക്കമില്ലാതെ തുടരും. യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്. 

ഒന്‍പതിന് ജില്ലയിലെത്തുന്ന കേന്ദ്രസംഘം കട്ടിപ്പാറ ദുരിതബാധിതമേഖല നേരിട്ട് പരിശോധിക്കും. കട്ടിപ്പാറ പഞ്ചായത്തിലെ വ്യത്യസ്ത വാര്‍ഡുകളില്‍ ഉരുള്‍പൊട്ടല്‍ ആശങ്കയുമായി കഴിയുന്ന കുടുംബങ്ങള്‍ക്ക് ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കുമെന്ന് ജനകീയസമിതി ഭാരവാഹികള്‍ അറിയിച്ചു. 

MORE IN NORTH
SHOW MORE