കാസര്‍കോട് ബിജെപിക്കെതിരെ രണ്ടു പഞ്ചായത്തുകളില്‍ അവിശ്വാസം

karadukka-panchayath
SHARE

കാസര്‍കോട് ജില്ലയിലെ രണ്ടു പഞ്ചായത്ത് ഭരണസമിതികള്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നു. ബി.ജെ.പി ഭരിക്കുന്ന കാറ‍ഡുക്ക, എന്‍മകജെ പഞ്ചായത്തുകളിലാണ് വികസനമുരടിപ്പാരോപിച്ച് പ്രമേയം കൊണ്ടുവരുന്നത്. കാറഡുക്കയില്‍ സിപിഎമ്മും, എന്‍മകജെയില്‍ യുഡിഎഫുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ പതിനെട്ടുവര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്താണ് കാറഡുക്ക. പതിനഞ്ചംഗ ഭരണസമിതിയില്‍ ഏഴംഗങ്ങളുടെ പിന്തുണയോടെ കേവല ഭൂരിപക്ഷമില്ലാതെയാണ് ഇക്കുറി ബി.ജി.പിയുടെ ഭരണം. സി.പി.എം അഞ്ച്, യു.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷിനില. 2006-ൽ ബിജെപിയെ താഴെയിറക്കാൻ യുഡിഎഫ്, സിപിഎമ്മിനെ പിന്തുണച്ച ചരിത്രവും കാറഡുക്കയിലുണ്ട്. വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിച്ചാല്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമാകും. എന്നാല്‍ സിപിഎമ്മിനെ പിന്തുണക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള ആശയക്കുഴപ്പമുണ്ട്. മറുവശത്ത് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

എന്‍മകജെയില്‍ ബി.ജെ.പിയും, യുഡിഎഫും തുല്യശക്തികളാണ് ഏഴുവീതം അംഗങ്ങളാണ് ഇരുവര്‍ക്കുമുള്ളത്. നറുക്കെടുപ്പിലൂടെ ബി.ജെ.പി ഭരണം പിടിച്ചു.മൂന്നു പേരുമായി സിപിഎം ഇവിടെ മൂന്നാം സ്ഥാനത്താണ്. 2016ല്‍ യുഡിഎഫ് അവിശ്വസപ്രമേയം കൊണ്ടുവന്നെങ്കിലും സി.പി.എം വിട്ടു നിന്നതോടെ പരാജയപ്പെട്ടു. ദേശിയ തലത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ തുണക്കുമെന്നാണ് ഇക്കുറി യുഡിഎഫിന്റെ പ്രതീക്ഷ.

കറഡുക്കയിലെ പ്രമേയത്തെ യുഡിഎഫ് അനുകൂലിച്ചാല്‍ എന്‍മകജെയിലും ഭരണമാറ്റത്തിന് കളമൊരുങ്ങും. 

MORE IN NORTH
SHOW MORE