മിഠായിതെരുവിലെ തെരുവോര കച്ചവടം നിർത്തലാക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധം

കോഴിക്കോട് മിഠായിത്തെരുവിലെ തെരുവോര കച്ചവടം നിര്‍ത്തലാക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുനരധിവാസ നടപടികള്‍ പോലും നഗരസഭ പൂര്‍ത്തിയാക്കാതായതോടെ ജീവിതം വഴിമുട്ടിയ ഗതിയിലാണ് ഭൂരിപക്ഷം തെരുവ് കച്ചവടക്കാരും. മിഠായിത്തെരുവിന് ജീവനേകുന്നത് ഈ വഴിയോരകച്ചവടക്കാര്‍ തന്നെയാണ്. ഒരു വര്‍ഷം മുന്‍പുവരെ മുന്നൂറിലധികം പേരാണ് വെയിലും മഴയും നോക്കാതെ തെരുവിന്റെ വീഥികളില്‍ കച്ചവടം നടത്തിവന്നിരുന്നത്. മിഠായിത്തെരുവ് നവീകരണത്തിനുശേഷം വ്യാപാരികളുടെ എണ്ണം പകുതിയിലധികമായി കുറഞ്ഞു. 

ലൈസന്‍സ് ലഭിച്ച 102 പേര്‍ക്ക് മാത്രമാണ് നിലവില്‍ കച്ചവടത്തിന് അനുമതി. നഗരസഭ നിര്‍ദേശിക്കുന്നയിടങ്ങളിലാണ് കച്ചവടം. എന്നാല്‍ തെരുവ് കച്ചവടക്കാരെ പൂര്‍ണമായും ഒഴിവാക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവാണ് ഇപ്പോഴത്തെ തിരിച്ചടി. അംഗപരിമിതരുടെയും വയോധികരുടെയും സുരക്ഷിതയാത്രയ്ക്ക് വഴിയോരകച്ചവടം തടസ്സം നില്‍ക്കുന്നുവെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തിയത്. പുനരധിവാസം സംബന്ധിച്ച് അവ്യക്തത നീക്കാതെ തങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ ജീവിതം പട്ടിണിയിലാകുമെന്നാണ് തെരുവ് കച്ചവടക്കാര്‍ പറയുന്നത്.