കരിപ്പൂര്‍ വിമാനത്താവളം; പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രിയെ കാണുമെന്ന് കുഞ്ഞാലിക്കുട്ടി

കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയെ കാണുമെന്ന് സ്ഥലം എം.പി. പി.കെ കുഞ്ഞാലിക്കുട്ടി. ഇതേ ആവശ്യവുമായി പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തുനല്‍കിയതായും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കോഴിക്കോട് എം.പി എം.കെ രാഘവന്‍ രാപകല്‍ ഉപവാസസമരം തുടങ്ങി.

ഇന്ത്യചരിത്രത്തില്‍ യാത്രക്കാര്‍ യൂസേഴ്സ് ഫീസ് നല്‍കി നിര്‍മ്മിച്ച ഒരേയെരു വിമാനത്താവളമാണ് കരിപ്പൂരിലേത്. വരുമാനത്തില്‍ ഏറെ മുന്നില്‍ നിന്നിട്ടും പലകാരണങ്ങളാല്‍  വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കുന്നത് കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.  റണ്‍വേ നവീകരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തൊടുന്യായങ്ങളുയര്‍ത്തിയാണ് എയര്‍പോര്‍ട് അതോറിറ്റി അനുമതി വൈകിക്കുന്നത്. ഇതിനെതിരെയാണ് കോഴിക്കോട് എം.പി എം.കെ. രാഘവന്‍ രാപകല്‍ ഉപവാസ സമരം തുടങ്ങിയത്. വിമാനത്താവള ഉപദേശക കമ്മിറ്റി  ചെയര്‍മാന്‍ കൂടിയായിട്ടുള്ള സ്ഥലം എം.പി പി.കെ.കുഞ്ഞാലിക്കുട്ടി  ഉല്‍ഘാടനം െചയ്തു

നാളെ രാവിലെ പത്തുമണി വരെയാണ് സമരം. സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്യും.  കഴിഞ്ഞ ദിവസം എം.പി വിരേന്ദ്രകുമാര്‍ എം,പിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫും സമരം തുടങ്ങിയിരുന്നു