തോരാമഴയില്‍ ജീവിതം കുതിർന്ന് വയനാട്ടിലെ കോളനിവാസികൾ

തോരാമഴയില്‍ ജീവിതം കുതിര്‍ന്ന അവസ്ഥയിലാണ് വയനാട്ടിലെ കോളനിവാസികള്‍. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളത്തിലായതോടെ ജീവിതസമ്പാദ്യങ്ങള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയാണ് ഭൂരിഭാഗവും. എന്നാല്‍ ജീവന്‍പോയാലും വീട് ഉപേക്ഷിക്കാന്‍ തയാറാകാത്തവരും നിരവധി.

ഇന്നലെ പെയ്തതിന്റെ ബാക്കിയാണ് ഇന്ന്. വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ചാണ് ചില വീട്ടുകാർ മറ്റിടങ്ങളിലേക്ക് അഭയം തേടിയത്. ഇനിയും മഴ കനത്തൽ ഇവയും മുങ്ങും. 

ഇതുപോലൊരു തോരാമഴ അടുത്തകാലത്തുണ്ടായില്ലെന്ന് നാട്ടുകാർ. പൂർണ്ണമായും മുങ്ങിയ വീടുകളുണ്ട്. വീടിനുള്ളിലടക്കം മീൻ കയറി. സമ്പാദ്യങ്ങളെല്ലാം ഒലിച്ചു പോകുന്നത് നോക്കി നിൽക്കാനേ കുടുംബങ്ങൾക്ക് കഴിയുന്നുള്ളു. 

ദുരിതാശ്വാസക്യാമ്പിലുള്ളവരുടെ മനസിൽ തീയാണ്. ജീവൻ പോയാലും വീട് ഉപേക്ഷിക്കാൻ ചിലർ തയാറല്ല. ദുരിതം  തന്നെയാണ് ഇടമുറിയാതെ പെയ്യുന്നത്.