വീടിന് സമീപം പാറമട; വീട്ടമ്മയുടെ പരാതി പട്ടാമ്പി പൊലീസ് അവഗണിച്ചു

പാലക്കാട് വല്ലപ്പുഴ ചൂരക്കോട്ടിലെ കരിങ്കല്‍ ക്വാറിക്കെതിരെ വീട്ടമ്മ നല്‍കിയ പരാതി പട്ടാമ്പി പൊലീസ് അവഗണിച്ചു. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു ശേഷം തെറ്റായ മൊഴിയാണ് എഫ്െഎആറില്‍ എഴുതിയത്. ക്വാറി ഉടമകളെ സഹായിക്കുന്ന പൊലീസുകാര്‍ക്കെതിരെ നാട്ടുകാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. 

ചൂരക്കോട് മണ്ണേങ്കോട്ടുപറമ്പില്‍ അംബുജാക്ഷിയുടെ വീടിന് സമീപം ഇരുപതേക്കറോളം വിസ്തൃതിയിലാണ് പാറമടയുടെ പ്രവര്‍ത്തനം. കരിങ്കല്ലുകള്‍ വീണ് വീടിന് കേടുപാടുകള്‍ പറ്റുന്നു.കൃഷിയിടങ്ങളിലേക്ക് പാറപ്പൊടി ഒഴുകിയെത്തുന്നു. കുടിവെളളം പോലും ഇല്ലാതാക്കുന്നു.. ഇതിനെക്കുറിച്ച് കൊടുത്ത പരാതിയാണ് പട്ടാമ്പി പൊലീസ് കേസെടുക്കാതെ ഒരു മാസത്തോളം വൈകിപ്പിച്ചത്. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടതിനു ശേഷം കേസെടുത്തെങ്കിലും വീട്ടമ്മ കൊടുത്ത മൊഴിയല്ല പൊലീസ് രേഖപ്പെടുത്തിയത്. പൊലീസ് സ്റ്റേഷനില്‍ അഞ്ചുമണിക്കൂറോളം ഇരുത്തി. പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരാകട്ടെ ഒാട്ടോക്കൂലിയായി 200 രൂപ വാങ്ങിയെന്നും വീട്ടമ്മ പറയുന്നു.

  

നിയമപരമായി അനുമതി വാങ്ങിയാണ് പാറമട പ്രവര്‍ത്തിക്കുന്നതെങ്കിലും ചില നിയമലംഘനങ്ങള്‍ നാട്ടുകാര്‍ ഉന്നയിക്കുന്നു. എന്നാലിത്  പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.