മഴക്കാല കെടുതിയിൽ വലഞ്ഞ് കണ്ണഞ്ചേരിയിലെ കുടുംബങ്ങള്

മഴ കനക്കുമ്പോള്‍ ഭീതിയോടെ വീടുകള്‍ക്കുള്ളില്‍ കഴിച്ചുകൂട്ടേണ്ട അവസ്ഥയിലാണ്  കോഴിക്കോട് കണ്ണഞ്ചേരിയിലെ പത്തിലധികം കുടുംബങ്ങള്‍. വയല്‍ നികത്തിയുള്ള കെട്ടിടനിര്‍മാണങ്ങള്‍ സമീപപ്രദേശത്ത് സജീവമായതോടെ വര്‍ഷത്തിന്റെ അധികവും വെള്ളക്കെട്ടില്‍ തന്നെയാണ് ഇവരുടെ ദുരിതജീവിതം. 

വര്‍ഷങ്ങളായി മഴക്കാലം ഇവര്‍ക്ക് സമ്മാനിക്കുന്നത് ദുരിതമാണ്. വീട്ടില്‍നിന്ന് ഒന്നു പുറത്തിറങ്ങാന്‍ പോലുമാകില്ല. കുടിയിടപ്പ് അവകാശമായി കിട്ടിയ മൂന്നുസെന്റ് ഭൂമിയില്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിച്ചുകൂട്ടുകയാണ് ഈ കുടുംബങ്ങള്‍. വീടിന്റെ ചുറ്റുപാടുകളിലെല്ലാം വെള്ളം കെട്ടിനില്‍ക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലെല്ലാം കൊതുക് നിറഞ്ഞതോടെ പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട. മഴ കനത്താല്‍ ഭീതിയോടെയാണ് ഒാരോ ദിനവും കടന്നുപോകുന്നത്. 

പലരും മഴക്കാലത്ത് സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം  പ്രാപിക്കുകയാണ്. നടപ്പാതപോലുമില്ലാതായതോടെ ജോലിപോലും ഉപേക്ഷിക്കേണ്ട അവസ്ഥ.

കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന ഉറപ്പിനും പഴക്കമേറെയുണ്ട്. ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ ജീവിതം പട്ടിണിയിലാകുമെന്നാണ് ഇവര്‍ പറയുന്നത്.