ഉത്തരമലബാറിലെ നദികളും കായലുകളും ഉള്‍പ്പെടുത്തി പുതിയ ടൂറിസം പദ്ധതി

tourisum-north-malabar-t
SHARE

ഉത്തരമലബാറിലെ നദികളും കായലുകളും ഉള്‍പ്പെടുത്തി പുതിയ ടൂറിസം പദ്ധതി വരുന്നു. മലനാട്–മലബാര്‍ ക്രൂയിസ് ടൂറിസം എന്ന പേരില്‍ 325 കോടിരൂപ മുടക്കിലാണ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. കണ്ണൂര്‍ വിമാനത്താവളം മുതല്‍ ബേക്കല്‍ കോട്ടവരെയുള്ള ഭൂപ്രദേശം മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പരിധിയില്‍ വരും.

ഉത്തരമലബാറിന്റെ സാംസ്കാരിക പൈതൃകം അറിഞ്ഞ് നദികളിലൂടെയും കായലുകളിലൂടെയും നടത്തുന്ന ബോട്ട് യാത്രയാണ് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി നദികളും കാസര്‍കോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായലും ഇതില്‍ ഉള്‍പ്പെടുന്നു. വളപട്ടണം നദിയില്‍ തെയ്യം ക്രൂയിസ്, മാഹി നദിയില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ആന്‍ഡ് കളരി ക്രൂയിസ്, ചന്ദ്രഗിരി നദിയില്‍ യക്ഷഗാന ക്രൂയിസ് തുടങ്ങി അതത് നദിയുടെ തീരത്തുള്ള പ്രദേശങ്ങളുടെ സാസ്കാരിക തനിമ മുഖ്യ പ്രമേയമാക്കിയുള്ള വിനോദസഞ്ചാര പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഹൗസ് ബോട്ടുകളും കനാലുകളും ബോട്ട് ജെട്ടികളും ടെര്‍മിനലുകളും നിര്‍മിക്കും. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശം. ഒരു ക്രൂയിസ് 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ബോട്ട് സര്‍വീസ് ചുമതല സ്വകാര്യമേഖലയ്ക്ക് നല്‍കും. ഏഴോം സര്‍വീസ് സഹകരണബാങ്ക് ഒരു കോടിരൂപ മുടക്കി ബോട്ട് തയ്യാറാക്കുകയാണ്. പല സഹകരണബാങ്കുകളും പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 325 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സ്വദേശി ദര്‍ശനില്‍ പെടുത്തി 100 കോടി അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബോട്ട് ജെട്ടികളുടെയും ടെര്‍മിനലുകളുടെയും നിര്‍മാണത്തിന് 53 കോടിരൂപയുടെ ഭരണാനുമതി നല്‍കി. പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈമാസം 30ന് തുടങ്ങും.

MORE IN NORTH
SHOW MORE